Saturday 3 March 2012

അമ്മാമ്മ

ലോകസിനിമയില്‍ ഫിലോമിനക്ക് മാത്രം അഭിനയിച്ചു
പ്രതിഫലിപ്പിക്കാവുന്ന ഒരു കഥാപാത്രമായിരുന്നു എന്‍റെ അമ്മാമ്മ(ഞങ്ങള്‍ തൃശ്ശൂര്‍ നസ്രാണികള്‍ അമ്മൂമ്മയെ അമ്മാമ്മ എന്നാണു വിളിക്കുക).ഒരേ സമയം കരുണയും ക്രോധവും കൊണ്ട് നടക്കുന്ന രൂപം.എപ്പോള്‍ ഏതു പുറത്തു വരും എന്ന് പറയാനാവില്ല.അമ്മാമ്മയെ കുറിച്ചുള്ള ആദ്യ ഓര്‍മ്മ ഞങ്ങള്‍ക്ക് ചോറ് വാരി തരാന്‍ പടിയുടെ പുറത്തു റോഡിലേക്ക് നോക്കി യുള്ള ഇരിപ്പാണ്.റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കി,ചെറിയ ഈണത്തില്‍ ഓരോ ഉരുള ഉരുട്ടി ഞങ്ങള്‍ കുട്ടികള്‍ക്ക് വായിലിട്ടു തരും.അപ്പോള്‍,അതിലെ കടന്നു വരാവുന്ന പള്ളി വികാരി ജോസച്ചനെ കാണുമ്പോള്‍ 'ഈശോ മിശിഹാക്കും സ്തുതിയായിരിക്കട്ടെ'യെന്നു പറയാനായി എഴുന്നേല്‍പ്പിച്ചു നിര്‍ത്തും.ഇടക്ക് ഒന്ന് പറയട്ടെ,ഈ ജോസച്ചന്റെ ലാമ്പി സ്കൂട്ടര്‍ ഞങ്ങളുടെ നാട്ടില്‍ വളരെ പ്രസിദ്ധമായ ഒന്നാണ്.വളരെ ചെറിയ ഒച്ചയെ ഉള്ളൂ;ഒരു അഞ്ചു കിലോമീറ്റര്‍ വരെ കേള്‍ക്കാവുന്നത്.നടത്തറ പള്ളിയില്‍ ജോസച്ചന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആക്കിയാല്‍ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബിഷപ്‌ ഹൌസില്‍ മെത്രാന്‍ അറിയും'ആ,നമ്മടെ ജോസച്ചന്‍ സ്റ്റാര്‍ട്ട്‌ ആയീട്ട്ണ്ട്"..ഞങളുടെ നാട്ടില്‍ കുട്ടികള്‍ വാശി പിടിച്ചാല്‍ അമ്മമാര്‍ പറയും,"മിണ്ടാണ്ടിരുന്നോ,ജോസച്ചന്റെ സ്കൂട്ടര്‍ വര്ന്ണ്ട്"...പക്ഷെ സ്കൂട്ടര്‍ പോലെയായിരുന്നില്ല ആളുടെ സ്വഭാവം.നല്ല തങ്കപ്പെട്ട പള്ളീലച്ചന്‍ ആയിരുന്നു അദ്ദേഹം..കുടുംബ വഴ ക്കുകളില്‍ മധ്യസ്ഥം വഹിച്ചു വഹിച്ചു ഒരു പുണ്ണിയാളന്‍ ആകാനുള്ള സകല അര്‍ഹതയുള്ള ഒരാളായിരുന്നു..
അമ്മാമ്മക്ക് പ്രായം മൂത്ത് മൂത്ത് കുട്ടിയെ പോലെ പെരുമാറും ചിലപ്പോള്‍.അപ്പനോട് വഴക്കിട്ടു വല്യപ്പന്റെ വീട്ടിലേക്കു കെ ട്ടും കെട്ടി ഒരു പോക്കാണ് .കുറച്ചു നാള്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ഞങ്ങള്‍ക്ക് നാരങ്ങ മിട്ടായിയും വാങ്ങിയായിരിക്കും വരിക.തന്‍റെ മടികുത്തില്‍ കെട്ടി വച്ചിരിക്കുന്ന മുറുക്കാന്‍ പൊതിയില്‍ ഭദ്രമായി വച്ചിരിക്കുന്ന കാശ് എണ്ണികൊടുക്കാന്‍ ചിലപ്പോള്‍ അമ്മാമ്മ പറയും.ചുണ്ണാമ്പിന്റെയും പുകയിലയുടെയും മണമുള്ള പല പല നോട്ടുകള്‍ മടക്കി വച്ചിരിക്കും.എണ്ണി തിട്ടപെടുത്തി കൊടുത്താല്‍ മിട്ടായി വാങ്ങാന്‍ അമ്പത് പൈസ തരും.
ഒരിക്കല്‍ അപ്പനുമായി വഴക്കിട്ട് അമ്മാമ്മ ഒരു കടുംകൈ ചെയ്തു.രാവിലെ മുതല്‍ അപ്പനെ ചീത്ത പറയാന്‍ തുടങ്ങിയതാണ്.പിന്നെ കെട്ടുകെട്ടാന്‍ തുടങ്ങി.ഇറങ്ങി പുറപ്പെടാനായി.അപ്പന് ദേഷ്യം വന്ന്,ഭാണ്ടകെട്ട് എടുത്തു മുകളിലെ പറത്തിലേക്ക് (മുറിയിലെ മുകളിലുള്ള തട്ട്)ഒറ്റ എറുകൊടുത്തു."ഇനി,അമ്മ്യെങ്ങടാ തെണ്ടി സര്‍ക്കീട്ട് പോവ്വാന്നു ഇനിക്കൊന്നു കാണണം".ഇതും പറഞ്ഞു അപ്പന്‍ പറമ്പിലേക്ക് പോയി.അമ്മാമ്മ കൂട്ടിലിട്ട വെരുകിനെപോലെ കുറെ ഇറയത്ത് നടന്നു.."ഡാ,ദേവസ്സ്യെ..നിന്നെ ഞാന്‍ ഒരു പാടം പടിപ്പിക്കൂട്ട്രാ..നോക്കിക്കോ"..അടുക്കളവാതില്‍ പടിയിലിരുന്ന എന്‍റെ മുകളിലൂടെ,പി.ടി .ഉഷ ഹര്‍ഡില്‍ ചാടിയതുപോലെ പറന്നു അമ്മാമ്മ പുറത്തു ചാടി..ഓടി,മുള്‍വേലി കെട്ടിയ കിണറിലേക്ക് ഒരു ചാട്ടം.താഴെ,കിണറില്‍ നിന്നും വെള്ളം ഇടിഞ്ഞി റ ങ്ങിയ ശബ്ദം..ഞാന്‍ ഓളിയിട്ടു,"അമ്മെ,ദേ അമ്മാമ്മ കെണറ്റീ ചാടി"..അതിലും വലിയ ഓളിയിട്ടു അമ്മ അടുക്കളയില്‍ നിന്നും പുറത്തു ചാടി..കിണറ്റിലെ മുള്‍വേലിയില്‍ പിടിച്ചു താഴേക്ക്‌ നോക്കി അമ്മ..അമ്മക്ക് തല ചുറ്റുന്ന സ്വഭാവമുള്ളതു കൊണ്ട്,അമ്മയും കിണറ്റില്‍ വീഴുമെന്നു ഞാന്‍ ഭയന്നു...'ഡാ,പോയി അപ്പനെ വിളിക്കാടാ"അമ്മ അലറി .അത് നടത്തറ മുഴുവന്‍ കേട്ടു.ഏതാനും മിനിട്ടുകള്‍ക്കകം വീട്ടില്‍ നിറയെ ആള്‍ക്കാര്‍.ഞാന്‍ അപ്പനെ വിളിക്കാന്‍ പറമ്പിലേക്ക് ഓടി."അപ്പോ,അമ്മാമ്മ കെണറ്റീ ചാടി".അപ്പന്‍ കൈകോട്ട് വലിച്ചെറിഞ്ഞ്,മില്‍ഖാ സിംഗ് ഓടിയപോലെ കിണറ്റിന്‍ കരയിലേക്ക് പാഞ്ഞു..
അപ്പോളേക്കും ,നടത്തറ സെന്‍ററില്‍ നിന്നും യൂണിയന്‍കാര്‍ എത്തിയിരുന്നു. അവര്‍ കയറിട്ടു,താഴേക്കു ഒരു കസേര ഇറക്കാനുള്ള ശ്രമത്തിലാണ്."അമ്മാമ്മ വടിയായീട്ടുണ്ടാവ്വോ അമ്മേ"..എന്‍റെ സംശയത്തിന്‍റെ പുറത്തു അമ്മയുടെ വക രണ്ടു അടി കിട്ടി...രക്ഷാപ്രവര്‍ത്തകരുടെ ഇടയിലൂടെ, ഞാന്‍ കിണറ്റിലേക്ക് നോക്കി,.അമ്മാമ്മയെ കാണാന്‍ പറ്റുമോ..
നോക്കുമ്പോളതാ അമ്മാമ്മ ,വെള്ളത്തിന്‌ മുകളില്‍,ബാക്ക് സ്ട്രോക് (മലര്‍ന്നു കിടന്നു നീന്തുന്നത്) അടിക്കുന്നു..ഒരു കുഴപ്പവുമില്ല.!!!!

കാദറാപ്ള-കൊച്ചു കൊച്ചു കാര്യങ്ങളുടെ 'ഒട'തമ്പുരാന്‍

അങ്ങനെയിരിക്കെ,ഒരു ഓണക്കാലം കഴിഞ്ഞപ്പോള്‍ ആണ് ടിപ്പുവിന്‍റെ അപഥസഞ്ചാരം അമ്മാമ്മ കണ്ടു പിടിച്ചത്.ഒരു ദിവസം,അയല്‍വക്കത്തെ കത്തിവയ്പ്പുകഴിഞ്ഞു മടങ്ങി വന്ന അമ്മാമ്മ വളരെ ചൂടായി അപ്പനോട് പറയുന്നത് കേട്ടു,"ഡാ,ദേവസ്സ്യെ,നമ്മടെ ടിപ്പുന്‍റെ പോക്കത്ര ശര്യല്ലാട്ടാ".അപ്പന്‍ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ അമ്മാമ്മ ,"അവനു ഇപ്പൊ ഇത്തിരി കളി കൂടുതലാ.ഇന്ന് ഞാന്‍ നോക്കുമ്പോ നമ്മടെ ചിങ്ങന്‍ ഈനാശ്ശൂന്‍റെ ജൂല്ല്യാ യീട്ടു കളി,ഇന്നലെ അപ്പറത്തെ നായര്ടെ സിമ്മ്യായീട്ടു കളി".കളി എന്ന് നിങ്ങള്‍ ഊഹിച്ചത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്!.കന്നിമാസം അടുക്കാറാവുമ്പോള്‍ നായകള്‍ പിന്നെ വേറെ ഏതു കളി കളിക്കും.
ടിപ്പു ഞങ്ങളുടെ വളര്‍ത്തു നായയായിരുന്നു.
"ഇങ്ങനെ പോയാല്‍ അവന്‍റെ മേല് ഒരു ചൊടീം ണ്ടാവില്ല.നമ്മക്ക് അവനെ ഒട ഇട്താലോ."അമ്മാമ്മയുടെ നിര്‍ദേശം അപ്പനും സ്വീകാര്യമായിരുന്നു..അങ്ങനെയാണ് അപ്പന്‍ എന്നോട് കാദറാപ്പളയെ വിളിക്കാന്‍ പറഞ്ഞയച്ചത്."ഡാ,നീ പോയി ആ കാദ്രാപ്ല്യോട് ഇങ്ങട് ഒന്ന് വരാന്‍ പറയ്".
ഞങ്ങളുടെ നാട്ടില്‍ ആണ്‍പട്ടികളുടെ കുടുംബാസൂത്രണം നടത്തിയിരുന്ന ഏക വ്യക്തിയായിരുന്നു ഇദ്ദേഹം.(തൃശ്ശൂരില്‍,ഞങ്ങളുടെ ഭാഗത്ത്‌ ശ്വാന വര്‍ഗത്തിലെആണിനെ നായ എന്നും പെണ്ണിനെ പട്ടി എന്നുമാണ് വിളിക്കാറ്).വളരെ സിമ്പിള്‍ ആയി അദേഹം ആ ക്രിയ നടത്തും.ഒട എന്ന് വിളിക്കുന്ന ആ ക്രിയ.വൃഷണങ്ങള്‍ അങ്ങട് മുറിച്ചു മാറ്റും...ഞാന്‍ പഠിച്ചിരുന്ന പൂച്ചട്ടി സ്കൂളിന്‍റെ തൊട്ടടുത്താണ് ആളുടെ താമസം.ഞങ്ങളുടെ സീനിയര്‍ ആയിരുന്ന കാസിമിന്‍റെ ഉപ്പയും കൂടി ആയിരുന്നുഇദ്ദേഹം.ഒട എടുക്കുന്ന ആളുടെ മകന്‍ എന്ന നിലക്ക് കാസിം ഞങ്ങളെ ഭീഷണിപ്പെടുത്താറുണ്ട് ചിലപ്പോള്‍,"ഡാ,നീ അധികങ്ങട് കളിക്കണ്ടാട്ടാ .ന്‍റെ ഉപ്പേനെ കൊണ്ട് നിന്‍റെ അണ്ടി ഞാന്‍ മുറിക്കും"..അതിനാല്‍ തന്നെ കാസിമിനോട് ഞങ്ങള്‍ ജൂനിയര്‍ കുട്ടികള്‍ക്ക് വലിയ ബഹുമാനമായിരുന്നു.അണ്ടി പോകാന്‍ ആരാണ് ഇഷ്ടപെടുന്നത്!
കാദറാപ്പ്ള ക്ക് ആടിനെ ചവിട്ടിക്കാന്‍ കൊടുക്കുന്ന പണിയും ഉണ്ട്.വിത്ത് കാള എന്ന് പറയുന്നത് പോലെ വിത്ത് മുട്ടന്മാര്‍.ഒരു ആറുഏഴു എണ്ണം കാണും.അവരുടെ വീടിനു ചുറ്റും ഈ മുട്ടന്മാരുടെ മണം തങ്ങി നില്‍ക്കും.ഒരു വാട..മുറ്റിനില്‍ക്കുന്ന ആട്ടിന്‍ കാമം.എവിടെയെങ്കിലും പെണ്ണാടിനു സമയമായാല്‍,കാദറാ പ്പ്ള ഒരു മുട്ടനുമായി അവിടേക്ക് യാത്ര ആവും.ഒരല്‍പ്പം കൂനുണ്ട് ഇദ്ദേഹത്തിന്.നോത്രദാമിലെ കൂനന്‍ എന്നാണു ഞങ്ങള്‍ ഉള്ളില്‍ പറയാറ്.ഒരു മുട്ടനെ പോലെ അമറിയാണ് വര്‍ത്തമാനം.വായില്‍ തിരുകിയ കാജാ ബീഡി അദ്ദേഹത്തിന്‍റെ ഉന്തി നില്‍ക്കുന്ന ഒരു പല്ലായി തോന്നിപ്പിക്കും.ആടിന്‍റെ വാടയാണോ ആളുടെ വാടയാണോ എന്ന് സംശയം ഉണ്ടാക്കാവുന്ന ഒരു മണം കാദറാ പ്പ്ളക്കുണ്ട്.
ഞാന്‍ ചെല്ലുമ്പോള്‍,ഉമ്മറത്തിരുന്നു ഒരു മുട്ടന് പ്ലാവില തീറ്റിക്കുകയായിരുന്നു ആള്‍.എന്നെ നോക്കി ഒന്നമ റി ആള്‍."എന്താടാ"
"ഞാന്‍ ആ ദേവസ്സീടെ മോനാ.മേപ്പുള്ളീടെ .അപ്പന്‍ പറഞ്ഞു നായെടെ ഒട എട്ക്കാന്‍ വരാന്‍"..
"ഉം,ഞാന്‍ ഉച്ച കഴിഞ്ഞ് വരാന്നു പറഞ്ഞോ".ഞാന്‍ വേഗം ഓടി വീട്ടിലെത്തി അപ്പനോട് കാര്യം പറഞ്ഞു.
ഒരു നാലുമണിക്ക്‌ ആണ് ആള് വന്നത്.നല്ല ചാരായത്തിന്റെ മണം.കയ്യില്‍ ചെറിയ ഒരു പൊതി.ഓപ്പറേഷന്‍ കിറ്റ്‌!
"അല്ലാ,കാദറാപ്പ്ള കുടിച്ചട്ടാ വന്നേനെ.ഇനി തെറ്റി മുറിക്ക്യോ"അമ്മാമ്മ പതിവുപോലെ ഇടപെട്ടു.
"ദേ,അമ്മാമ്മേ ..നിങ്ങള് ഇതില് എടപെടണ്ടാട്ട "അദ്ദേഹം ചൂടായി.അമ്മാമ്മ സ്ഥലം വിട്ടു.അടുക്കളയുടെ പിന്‍വശത്ത് ,വെണ്ണീര്‍ കുഴിയുടെ അടുത്താണ് ടിപ്പുവിന്‍റെ കൂടാരം.കാദറാപ്പ്ള ടിപ്പുവിനെ പിടിച്ച്,വായ കൂട്ടികെട്ടി,കടികിട്ടാണ്ടിരിക്കാന്‍.പിന്നെ,കാലുകള്

‍ രണ്ടു വീതം കൂട്ടികെട്ടി.എന്നോട് കഴുത്തില്‍ മുറുക്കി പിടിക്കണം,വിടരുത് എന്നും പറഞ്ഞു.പിന്നെ കിറ്റ്‌ തുറന്നു.ഒരു ബ്ലേഡ്.ഒരു ചെറിയ കുപ്പി ഡെറ്റോള്‍.തീര്‍ന്നു ഓപ്പറേഷന്‍ കിറ്റ്‌!
പിന്‍കാലുകള്‍ അകത്തിപ്പിടിച്ചു,ഒരുകൈ കൊണ്ട് ടിപ്പുവിന്‍റെ രണ്ടു'ബാള്‍സ്'കയ്യിലെടുത്തു ആള്‍.ടോപാസ്‌ ബ്ലേഡ് കൊണ്ട് ഒറ്റ വര.ടിപ്പുവിന്‍റെ കണ്ണിലെ പൊന്നീച്ച ഞാന്‍ കണ്ടു.അടക്കാ തോട് പൊളിക്കുന്ന ലാഘവത്തോടെ,വൃഷണങ്ങള്‍ പൊളിക്കുന്നു.പിന്നെ അവയുടെ കണക്ഷന്‍ ഞരമ്പുകള്‍ മുറിച്ചു മാറി.ഇപ്പോള്‍ വൃഷണങ്ങള്‍ ടിപ്പുവിന്‍റെ സ്വന്തമല്ല.എന്‍റെ മുറുക്കി പിടിച്ച കൈകള്‍ക്കിടയില്‍ കിടന്നു ടിപ്പു വിഫലമായി അമറി.മുറിച്ചു മാറ്റിയ വൃഷണങ്ങള്‍ കാദറാപ്പ്ള അടുത്ത തെങ്ങിന്‍റെ കടയിലേക്ക് എറിഞ്ഞു കളഞ്ഞു.പെട്ടെന്ന് തന്നെ ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നകന്നു.(ഈ കാക്ക കാദറാപ്പ്ളയെ സ്ഥിരം ഫോളോ ചെയ്യുന്ന കാക്ക ആയിരിക്കണം!).മുറിവിലേക്ക് കുറച്ചു ഡെറ്റോള്‍ ഒഴിച്ചു.ടിപ്പു ഒന്ന് പിടഞ്ഞു.പിന്നെ,അദ്ദേഹം അടുത്ത വെണ്ണീര്‍ കുഴിയില്‍ നിന്ന് കുറച്ചു വെണ്ണീര്‍ വാരി ഒറ്റ പൊത്തുപൊത്തി.ടിപ്പുവിന്‍റെ കുടുംബാസൂത്രണം കഴിഞ്ഞു.
"ഈ വെണ്ണൂറു പൂവാണ്ട് നോക്കണം.നാളേക്ക് ഓണങ്ങ്യോളും"
അപ്പന്‍റെ കയ്യില്‍ നിന്ന് അഞ്ചു രൂപ വാങ്ങി കാദറാപ്പ്ള സ്ഥലം വിട്ടു.പുറത്ത്,തെരുവില്‍ അദ്ദേഹത്തെ കണ്ട നായകള്‍ വാല് കാലിനിടയില്‍ കയറ്റി ,അദ്ദേഹം കാണാതെ തങ്ങളുടെ വൃഷണങ്ങളെ മറച്ചു പിടിച്ചു...!!!!

സെര്‍ജി ബുബുക

ഇരവിമംഗലം ഷഷ്ടി കഴിഞ്ഞു രാത്രിയില്‍ മടങ്ങുമ്പോള്‍ ,നടത്തറ ജന്‍ക്ഷനില്‍ വച്ച് ആണ് ശിവരാമന്‍ ഇടഞ്ഞത്.അധികം വഷളാവും മുമ്പ് പാപ്പാന്മാര്‍ അവനെ തൊട്ടടുത്ത ഹൈവേ സ്ഥലത്ത് തളച്ചു,ഒരു പുളി മരത്തിന്മേല്‍.പിന്നീട്,ഒരു രണ്ടു മാസക്കാലത്തോളം നടത്തറക്കാര്‍ക്ക് ഇവന്‍ നാടുകാരില്‍ ഒരുവനായി..മദം ഇളകിയാണ് നില്‍പ്പെങ്കിലും,നാട്ടുകാരെ ഇവന്‍ ഒന്നും ചെയ്യാറില്ല.ജങ്ക്ഷനിലെ കടകളിലേക്ക് സാമാനം വാങ്ങാന്‍ പോകുന്ന ഞങ്ങള്‍ കുട്ടികള്‍ കുറച്ചു നേരം ഇവനെ ചുറ്റി പറ്റി നില്‍ക്കും.എങ്ങനെയെങ്കിലും ഒരു ആനവാല്‍ കിട്ടുമോ എന്നായിരുന്നു ഞങ്ങളുടെ നോട്ടം."ഡാ,ആന പുളി മരത്തിമ്മേ ഊര ഒരക്കുമ്പോ ചെലപ്പോ ആനവാല് വീഴും",വളരെ ആധികാരികമായി എന്‍റെ അനിയന്‍ പറഞ്ഞു.അവന്‍റെ അറിവില്‍ ഒരു നിമിഷം ഞങ്ങള്‍ക്ക് ബഹുമാനം തോന്നി.പിന്നെ അനിയനല്ലേ എന്ന് കരുതി ബഹുമാനം കൊടുക്കേണ്ട എന്ന് തീരുമാനിച്ചു..ജോലി കഴിഞ്ഞു മടങ്ങുന്ന ചുമട്ടു തൊഴിലാളികളില്‍ ചിലര്‍ ആനക്ക് പരിപ്പുവടയും പഴുണ്ടയും (ബോണ്ട)വാങ്ങി കൊടുത്തു.ചാരായ കടയില്‍ നിന്ന് മടങ്ങുമ്പോള്‍ യൂണിയന്‍കാരന്‍ ചന്ദ്രേട്ടന്‍ കപ്പയും മീനും ഒരു പൊതി ഇവന് ഇട്ടു കൊടുക്കും,"ഡാ,ശിവരാമാ,നെനക്ക് കൊള്ളീം മീനും ഇഷ്ട്ടാ..?.തിന്നോടാ.."ആന മീന്‍കറിയില്ലാത്ത കപ്പ മുഴുവനും അടിക്കും.മൂന്നു ദിവസം കൂടുമ്പോള്‍ പാപ്പാന്മാര്‍ വന്നു മേല് വെള്ളം പമ്പ് ചെയ്തു ആനയെ കുളിപ്പിക്കും.പിന്നെ പനമ്പട്ട യും മറ്റും തിന്നാന്‍ കൊടുത്തു തിരിച്ചു പോകും.പാപ്പാന്മാരെ കാണുമ്പോള്‍ തുടങ്ങും ഇവന്‍റെ കലി.കുളിപ്പിച്ച ദേഹത്ത് മുഴുവന്‍ അപ്പോള്‍ തന്നെ മണ്ണ് വാരിയിടും.തുമ്പികൈ വീശി പാപ്പാന്മാരെ അടിക്കാന്‍ നോക്കും.രണ്ടാം പാപ്പാനോടായിരുന്നു ദേഷ്യം മുഴുവന്‍.
അങ്ങനെ,ഒരു രണ്ടുമാസം കഴിഞ്ഞപ്പോള്‍ മദപ്പാട് ഒന്ന് മാറി എന്ന തോന്നലുണ്ടായപ്പോള്‍ ,ശിവരാമനെ കൊണ്ട് പോകാന്‍ പാപ്പാന്മാര്‍ വന്നു.നടത്തറ ക്കാര്‍ മുഴുവന്‍ നോക്കി നിന്നു വിഷമത്തോടെ.ആദ്യം തന്നെ ഒരു കെട്ടുപനമ്പട്ട കൊമ്പില്‍ കോര്‍ത്ത്‌ പിടിക്കാന്‍ കൊടുത്തു.പിന്നെ,രണ്ടാം പാപ്പാന്‍ പിന്നില്‍ പോയി കാലിലെ ചങ്ങല അഴിക്കാന്‍ തുടങ്ങി.പെട്ടെന്ന്‍,പനമ്പട്ട താഴത്ത്‌ ഇട്ട് ആന ഒരു തിരി തിരിഞ്ഞു.ഒറ്റ വലിയില്‍ ചങ്ങല പൊട്ടി.തിരിഞ്ഞു നിന്ന ആനയുടെ മുമ്പിലായി പുളിമരത്തിനുംആനക്കുമിടയില്‍ രണ്ടാം പാപ്പാന്‍ പെട്ടു.നാട്ടുകാര്‍ ഒരു വല്യ വായില്‍ നിലവിളിക്കെ,ആന കുനിഞ്ഞു പാപ്പാനെ കുത്താന്‍ ഓങ്ങി.കൊമ്പിനും മണ്ണിനും ഇടയില്‍ നിന്ന്,വഴുതി മാറി പാപ്പാന്‍ ഓടിമാറി.ആന തിരിഞ്ഞു,പാപ്പാന് പിന്നാലെ ഓടാന്‍ തുടങ്ങി.ആനയെ വെട്ടിച്ചു പാപ്പാന്‍ വളഞ്ഞും വട്ടമിട്ടും ഓടി.തൊട്ടടുത്ത ചിറയത്ത് ജെയിംസ്‌ ചേട്ടന്‍റെ വീട്ടുമതിലിനെ ലക്ഷ്യമാക്കിയാണ് പാപ്പാന്‍ ഓടിയത്.ഒരു രണ്ടു രണ്ടര മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ആ മതില്‍ ,തച്ചോളി ഒതേനന്‍ ചാടുന്നത് പോലെ പറന്നു അപ്പുറം കടന്നു.
സെര്‍ജി ബുബുക്കക്ക് പോലും വടി കുത്തിയല്ലാതെ കടക്കാന്‍ പ്രയാസമുള്ള ആ ഉയരം ഇദ്ദേഹം എങ്ങനെ പുഷ്പ്പം പോലെ കടന്നു എന്നത് ഇന്നും അത്ഭുതകരമായി അവശേഷിക്കുന്നു....!!!!

Friday 2 March 2012

കാക്കു

അടക്ക പറിക്കാനായി കവുങ്ങിന്‍റെ മുകളില്‍ കയറിയശേഷം താഴോട്ട് ഇറങ്ങാതെ വാശി കാട്ടിയ കാക്കു,പതിനേഴാം ദിവസം വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടു.കവുങ്ങിന്‍ തലപ്പുകളില്‍ കൈകള്‍ മുറുക്കി പിടിച്ച്,കാലുകള്‍ കവുങ്ങിന്‍റെ തടിയില്‍ പിണച്ചു പിടിച്ച് ഇരിക്കുന്ന അയാളുടെ കാഴ്ചയിലൂടെ ,വിശാലമായ ആകാശത്തിന്നതിരില്‍ നിന്ന്  തനിക്ക് നേരെ പറന്നടുക്കുന്ന ഒരു വലിയ കൂട്ടം അരിപ്രാവുകള്‍.ഓരോ നിമിഷവും അവ പറക്കുന്ന രീതി മാറ്റികൊണ്ടിരുന്നു.ആദ്യം വട്ടത്തില്‍,പിന്നെ ചതുരാകൃതിയില്‍,പിന്നെ അയാള്‍ക്കിഷ്ടപെട്ട അമ്പിന്‍റെ ആകൃതിയില്‍.രൂപങ്ങള്‍ മാറുന്നത് മിന്നല്‍ വേഗത്തിലും...
വിശാലമായ കവുങ്ങിന്‍ പറമ്പായിരുന്നു കാക്കുവിന്‍റെത്.പാകമായ അടക്ക പറിക്കാന്‍ വേറെ ആരെയും വിളിക്കാറില്ല അയാള്‍.മെലിഞ്ഞതെങ്കിലും ബലിഷ്ഠമായ അയാളുടെ ശരീരം കവുങ്ങുമരങ്ങളില്‍ നിറഞ്ഞാടുന്നത് കാണേണ്ട ഒരു കാഴ്ചയാണ്.ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു കുരങ്ങന്‍റെ മെയ്‌വഴക്കത്തോടെ അയാള്‍ പറന്നു നീങ്ങും.കൈ വിട്ടു പോകും എന്ന് നമ്മള്‍ ശ്വാസമടക്കി നില്‍ക്കുമ്പോള്‍ ,ഒരു  ട്രപ്പീസ് കളിക്കാരന്‍റെ ലാഘവത്തോടെ ജീവിതത്തെ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാട്ടി അയാള്‍ കാഴ്ചക്കാരായ ഞങ്ങളെ വിസ്മയിപ്പിക്കും.കൈയിലുള്ള ചെറിയ വളഞ്ഞ കത്തികൊണ്ട്,അടക്കാക്കുലകള്‍ ചെത്തിയരിഞ്ഞു താഴേക്കു വീഴ്ത്തും.ചിതറി തെറിക്കുന്ന പഴുത്ത്,സ്വര്‍ണ്ണവര്‍ണ്ണമുള്ള അടക്കകള്‍ ഒരു കാഴ്ച തന്നെയാണ്.
പറന്നടുക്കുന്ന പ്രാവുകള്‍ അയാളുടെ കാഴ്ചയില്‍ ഒരു ഉരുള്‍പൊട്ടലിന്‍റെ രൂപം പൂണ്ടു.ആര്‍ത്തലച്ചു ഒഴുകിയെത്തുന്ന ജലത്തിന്‍റെ വന്യരൂപം.മരങ്ങളെ കടപുഴക്കി,മണ്ണിനെ ചിതറിത്തെറിപ്പിച്ച്,ഉറഞ്ഞു തുള്ളുന്ന ജലരൂപം.അല്ല,അതൊരു തോന്നലാണ്.പെട്ടെന്ന്,മനസ്സിന്‍റെ അടിത്തറയില്‍ നിന്നും ഇളകി അടര്‍ന്നു വീണ വിഭ്രാല്മകമായ ഒരു തോന്നല്‍.ഇപ്പോള്‍ അവ പ്രാവുകള്‍ തന്നെയാണ്.അവ പറക്കുകയാണ്,തനിക്ക് നേരെ.ഈയിടെയാണ് കാഴ്ചകള്‍ ഇങ്ങനെ അയാളെ കളിപ്പിക്കാന്‍ തുടങ്ങിയത്.പ്രാവുകളുടെ അവ്യക്തമായ കുറുകലുകള്‍ അയാളിലേക്ക് ഒഴുകിയെത്തി.
ആദ്യ ദിവസം കഴിഞ്ഞും താഴേക്കു ഇറങ്ങാതിരുന്ന കാക്കുവിനെ അപ്പന്‍ ചീത്തവിളിച്ചു,"ഡാ,കാഴ്വേറീടെ മോനെ,ഏറങ്ങടാ താഴെ".തൊണ്ടയില്‍ കുരുങ്ങിയ കഫം നീട്ടി തുപ്പി,വലിവിന്‍റെ നെഞ്ചിന്‍കൂട് ആയാസത്തോടെ തുറന്ന്,ഇള്ള ഒച്ചയില്‍ ലോനപ്പേട്ടന്‍ അലറി .കമ്പനമുള്ള ആ ഒച്ചയില്‍ അയാളുടെ കഴുത്തില്‍ തൂക്കിയിട്ട,അന്യോന്യം കുരുങ്ങി കിടന്ന കൊന്തയും  വെന്തിങ്ങമാലയും  ഇളകിയാടി.അപ്പന്‍ പറഞ്ഞത് കേള്‍ക്കാതെ,ഒരു കവുങ്ങില്‍ നിന്നും മറ്റൊരു കവുങ്ങിലേക്ക് കാക്കു പറന്നു."ഡാ,കുര്യാക്കൂ,അപ്പനല്ലേടാ പറയണേ .ഏറങ്ങടാ താഴെ".ലോനപ്പേട്ടന്‍ തിമിരം കലര്‍ന്ന കാഴ്ചയിലൂടെ,മരങ്ങള്‍ക്കിടയില്‍ ,കവുങ്ങിന്‍ പട്ടകള്‍ക്കിടയില്‍ ,ഒളിഞ്ഞും തെളിഞ്ഞും കാണുന്ന കാക്കുവിന്‍റെ ശരീരത്തെ വായിച്ചെടുക്കാന്‍ ശ്രമിച്ചു.അന്തിവെയിലിന്‍റെ തീഷ്ണതയില്‍ കണ്ണുപുളിച്ച്,അയാളുടെ കാഴ്ചയില്‍ പല പല ശരീരങ്ങള്‍ തലങ്ങും വിലങ്ങും ആടിക്കളിച്ചു.
പെട്ടെന്ന്,അപ്പന്‍റെ തൊട്ടടുത്ത കവുങ്ങിലേക്ക് പറന്നു വന്ന്,മുണ്ടുപൊക്കി,അപ്പനുമേലേക്ക് കാക്കു മൂത്രം നീട്ടി ഒഴിച്ചു.
പ്രാവുകള്‍ സ്വര്‍ഗത്തെ ഓര്‍മ്മിപ്പിക്കും.കാക്കുവിന്‍റെ ഓര്‍മ്മകളില്‍ പ്രാവുകള്‍ എപ്പോളും കൂട്ടിനുണ്ട്.കുടുംബ പ്രാര്‍ത്ഥനയില്‍,പള്ളിയിലെ കന്യാമറിയത്തിന്‍റെ ഗ്രോട്ടോയിലെ പ്രാര്‍ഥനാ വേളകളില്‍ ഇത്തരം പ്രാവുകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു എന്ന് അയാള്‍ക്ക്‌ എപ്പോളും തോന്നിയിരുന്നു.ജീവിതത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് പ്രാവുകളില്‍ ഉണ്ടെന്നു അയാള്‍ ഉറപ്പായും വിശ്വസിച്ചു.ഇപ്പോള്‍,കവുങ്ങില്‍ പിടിച്ചിരിക്കുന്ന അയാളെ തേടി അവ വീണ്ടും എത്തിയിരിക്കുന്നു.ഒരു അമ്പ്‌ രൂപത്തിലാണ് അവയിപ്പോള്‍ പറന്നടുക്കുന്നത്.വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളനെ പോലെ,തന്നെ തേടി പറന്നു വരുന്ന ഒരു അമ്പ്‌.
മൂന്നാമത്തെ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്,കാക്കു താഴെ ഇറങ്ങിയീട്ടില്ലെന്ന്.ആലത്തറ സെന്ററിലെ,നാണികുട്ടിഅമ്മയുടെ ചായക്കടയിലിരുന്നു,നാരായണന്‍കുട്ട്യേട്ടന്റെ പത്രവായനയെ മുറിച്ചു കൊണ്ട്,പാല്‍ക്കാരന്‍ പൈലോത് പറഞ്ഞു,"കേട്ടില്ല്യെ,നമ്മ്ടെ കാക്കു കവുങ്ങീ കേറീട്ട് മൂന്നീസ്സായി.ഇത് വരെ ഏറങ്ങീട്ടില്ല്യാ."കേട്ടവര്‍ വലിയ കുലുക്കമൊന്നും കാട്ടിയില്ല.പത്രത്തില്‍ നിന്നും മുഖമെടുത്ത്‌,കട്ടന്‍ചായ നീട്ടി ഊതികുടിച്ച്,നാരായണന്‍കുട്ട്യേട്ടന്‍ പറഞ്ഞു,"അവനു എളകീട്ട്ണ്ടാവും .ഇദു ആദ്യത്തെ തവ്‌ണ്യോന്നും അല്ലല്ലോ അവന്‍റെ ഈ കളി.."
ചുളിവുവീണ മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ,നീട്ടി ചായയടിച്ചു കൊണ്ട് നാണികുട്ടിയമ്മ തലകുലുക്കി."എന്നാ നമ്മക്കൊന്നു പോയി നോക്ക്യാലോ".കുടിച്ചു തീര്‍ത്ത ചായഗ്ലാസ് മരഡെസ്കില്‍ ഉറക്കെ വച്ച്,ആ ശബ്ദത്തില്‍ അല്‍പ്പം ലയിച്ച ശേഷം കപ്പ്യാര് ഈനാശു ഏഴുന്നേറ്റു.പൈലോതിന്‍റെ കൂടെ പുറത്തിറങ്ങി.
പതിനേഴ് ദിവസങ്ങള്‍.പതിനേഴ് പകലും പതിനേഴ് രാത്രികളും ഒരാള്‍ക്ക്‌ നിലത്തിറങ്ങാതെ എങ്ങനെ കഴിയാനാകും.അയാള്‍ ഉറങ്ങുന്നതെങ്ങനെ?.വിശപ്പ്‌ അയാള്‍ എങ്ങനെ മറി കടക്കുന്നു?ക്ഷീണം അയാളെ കീഴടക്കാത്തത് എന്തുകൊണ്ട്?കുര്യാക്കോസ് എന്ന കുര്യാക്കു എന്ന കാക്കു നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകുമ്പോളാകുന്നു.
വാതം വന്നു കിടപ്പിലായ കാക്കുവിന്‍റെ അമ്മ റോതമ്മ ,കിടന്ന കിടപ്പില്‍ ,വലക്കാവ് പള്ളിയിലെ വിശുദ്ധ ഔസേപ്പിതാവിനെ വിളിച്ച്,നെഞ്ചുകീറി പ്രാര്‍ഥിച്ചു."ന്‍റെ വലക്കാവിലെ ഔസേപ്പേ,നീയ് ന്‍റെ കാക്കൂനെ കാക്കണേ".തൃശ്ശൂരില്‍ വേറെയും പ്രസിദ്ധങ്ങളായ വിശുദ്ധ ജോസെഫിന്‍റെ പള്ളികള്‍ ഉണ്ടെങ്കിലും ,റോതമ്മക്ക് വലക്കാവ് തന്നെയാണ് പഥ്യം.കാലുകള്‍ സമ്മതിക്കുമായിരുന്നെങ്കില്‍,നടന്നുചെന്നു അവനെ താഴെ ഇറക്കാനായേനെ എന്ന് അവര്‍ വിശ്വസിച്ചു.നാലാമത്തെ ദിവസം ,വിശന്നപ്പോള്‍ ,പുതിയതായി വിരിഞ്ഞ അടക്കാ പൂങ്കുലകള്‍ പൊട്ടിച്ചെടുത്ത് തിന്നു കാക്കു.ചെറിയ മധുരമുള്ള ,അടക്കയിലേക്ക് രൂപം കൊള്ളുന്ന കിളുന്തുകളെ ആവേശത്തോടെ കടിച്ചു ചവച്ചു അയാള്‍.വിശപ്പിലേക്ക് ഒലിച്ചിറങ്ങിയ അടക്കാമധുരം!.ഒരു കവുങ്ങില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി ,വയറുനിറയെ ,ആര്‍ത്തിയോടെ....
പിറ്റേന്ന്,മരത്തില്‍ നിന്നിറങ്ങാത്ത മകനെ കാണാന്‍ എത്തിയ അപ്പന്‍ ചില കവുങ്ങുകള്‍ക്കടിയില്‍,മണ്ണില്‍ കാക്കുവിന്‍റെ തീട്ടം കണ്ട് നെഞ്ചത്തടിച്ചു വിലപിച്ചു,"ന്‍റെ കര്‍ത്താവേ ,ഇനി എന്തൊക്കെ കാണണം .."അപ്പന്‍റെ വിലാപങ്ങള്‍ക്ക്‌ കാതുകൊടുക്കാതെ,കാക്കു കവുങ്ങുമരങ്ങള്‍ക്കിടയില്‍ പുതിയ പൂക്കുലകള്‍ തേടി പറന്നു നടന്നു...
പ്രാവുകള്‍ അടുത്തെത്തി കഴിഞ്ഞു.മനുഷ്യരുടെ മുഖമുള്ള പ്രാവുകള്‍.പരിചിതമായ മുഖങ്ങള്‍.ചെറിയ പ്രായത്തില്‍ വിട്ടു പോയ ചങ്ങാതി ജോസുട്ടന്‍,പാമ്പുകടിച്ചു മരിച്ച വില്‍സന്‍,കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത പാലത്തിന്‍റെ അപ്പുറത്തുള്ള മേരിചേച്ചി....പ്രാവുകള്‍ക്ക് എല്ലാം മരിച്ചു പോയ ,ഇഷ്ടപെട്ടവരുടെ മുഖങ്ങള്‍!.കൂടെ,താന്‍ ചവുട്ടി കൊന്ന ജീനാമ്മ.തന്‍റെ ഭാര്യ...പിറക്കാതെ പോയ,മരണത്തില്‍ ജീനാമ്മയോടു കൂടെ പോയ തന്‍റെ മകന്‍ അല്ല മകള്‍...ഒരു ചെറിയ പ്രാവ്!
പ്രാവുകള്‍ അയാളെ വലയം ചെയ്തു പറക്കാന്‍ തുടങ്ങി.ചിറകടികളില്‍ നിന്നും കാറ്റ് ഉയിര്‍ത്തെഴുന്നേറ്റു.പ്രാവുകളുടെ കുറുകലുകള്‍ ഇപ്പോള്‍ വ്യക്തമായ മനുഷ്യ ഭാഷയായി മാറി.പതിനേഴുനാളുകളായി പിടിച്ചു വച്ച ശക്തി ശരീരത്തില്‍ നിന്ന് ഒഴിയുംപോലെ കാക്കുവിന് തോന്നി.തൊട്ടടുത്തെക്ക് പറന്നെത്തിയ ഒരു പ്രാവ് ,(അതിനു തന്‍റെ പഴയ കാമിനിയുടെ മുഖം) അയാളുടെ മുഖത്തുരസി ഇപ്രകാരം മൊഴിഞ്ഞു,"കാക്കൂ,ഈ ജീവിതം അത്ര സുന്ദരമായ ഒരു അനുഭവമല്ല."ശരിയാണ് കാക്കു ഉള്ളില്‍ പറഞ്ഞു.പ്രാവ്‌ തുടര്‍ന്നു,"മനുഷ്യന്‍ തന്നെ കുറിച്ച് ചിന്തിക്കുന്നത് എപ്പോളാണോ ആ നിമിഷം തന്നെ അവന്‍ മറ്റുള്ളവരെ കുറിച്ച് മറക്കുവാനും തുടങ്ങുന്നു.തന്നെ കുറിച്ച് മാത്രം ചിന്തിച്ച്,തന്റേതുമാത്രമായ ഒരു ലോകം അവന്‍ നിര്‍മ്മിക്കുന്നു.നീയും ചെയ്തത് അതാണ്‌.നിന്‍റെ ലോകത്തിലെ ,നിന്‍റെ നിര്‍മിതികളിലെ മണ്‍കട്ടകള്‍ മാത്രമായി നീ മറ്റുള്ളവരെ ഉപയോഗിക്കുന്നു."പ്രാവുകള്‍ ഒരാവര്‍ത്തി ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങി,തിരിച്ചിറങ്ങി വീണ്ടും അവനെ വലയം ചെയ്തു.ജീനാമ്മയെന്ന പ്രാവ് അയാളെ ചെറുതായൊന്നു കൊത്തി.കൊത്ത് കണ്ണില്‍ കൊള്ളാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു.മുപ്പതടി മുകളില്‍ ,കാക്കുവിന്‍റെ ജീവിതം ആടിതുടങ്ങി.ഉള്ളിലെ അടിത്തട്ടില്‍ നിന്നും വീണ്ടും ഭ്രമാല്മക ചിന്തകള്‍ അയാളെ ഇളക്കി മറിക്കാന്‍ തുടങ്ങി.ഞാന്‍ ജീവിതത്തില്‍ ചെയ്തതെന്താണ്?ഈ പ്രാവുകളുടെ വിചാരണയില്‍ തന്‍റെ ശരീരവും മനസ്സും പിടയുന്നത് എന്തുകൊണ്ട്?..ചോദ്യങ്ങളുടെ ശരങ്ങള്‍ അയാളിലേക്ക് പെയ്തിറങ്ങി.
'തെറ്റുകളുടെ ലോകമാണ് കാക്കൂ നിന്റേത്.ശരികളുടെ ലോകം ഞങ്ങള്‍ കാണിച്ചു തരാം.ഞങ്ങളുടെ കൂടെ പോരൂ."പ്രാവുകള്‍ ക്ഷണിച്ചു.വെയില്‍ മങ്ങുകയും ഇരുട്ടിന്‍റെ ആദ്യത്തെ കാല്‍പ്പാടുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരികയും ചെയ്തു.പ്രാവുകള്‍ അവ്യക്തമായ ഭാഷയിലേക്ക് തിരിച്ചു പോയി.ചിറകടികള്‍ കാതില്‍ ഇരമ്പലായി ചിതറി വീണു.കാറ്റ് പിടിച്ച കവുങ്ങിന്‍ മരങ്ങള്‍ ഭ്രാന്തമായി ഇളകിയാടി.ഒന്നിനോടു ഒന്ന് കൂട്ടിയിടിച്ചു,തീപ്പൊരി പറന്നു.തീ പടര്‍ന്നു കയറി,കവുങ്ങിന്‍ തലപ്പുകള്‍ അഗ്നിയില്‍ കുളിച്ചു.കാക്കുവിന് കൈ പൊള്ളി.ചൂട് ശരീരം മുഴുവന്‍ കുത്തികയറാന്‍ തുടങ്ങി.മുറുക്കി പിടിച്ചിരുന്ന കവുങ്ങിന്‍ തടി ചുട്ടുപഴുത്ത ഇരുമ്പുപോലെ...സഹിക്കാനാകാത്ത ചൂട്...അയാള്‍ കവുങ്ങിന്‍ തടിയില്‍ നിന്നും കൈ വിട്ടു.മുപ്പതടിയില്‍ നിന്നും താഴേക്കു ചിറകുവിരിച്ച് അയാള്‍ പറന്നു.
പിറ്റേന്ന്,പാല്‍ക്കാരന്‍ പൈലോത് ആണ് ചായക്കടയില്‍ വാര്‍ത്ത എത്തിച്ചത്."അറിഞ്ഞില്ലേ,നമ്മടെ കാക്കു താഴെ വീണു.പത്നേഴു ദിവസ്സാ മോളില് ഉണ്ടായിരുന്നേ.അവര് ആശൂത്ര്യെ കൊണ്ടോയിട്ടുണ്ട്.സംശയാ കിട്ടോന്നു.ഞാന്‍ ചെന്നു നോക്കുമ്പോ കവുങ്ങിന്‍റെ താഴെ നല്ല മൂന്നു കുഴി.ഒന്ന് ഊര കുത്തിയ സലം,മറ്റേതു രണ്ടു ഉപ്പൂറ്റി കുത്തീതാവും.."

കവുങ്ങില്‍ നിന്ന് താഴെ വീണതിന്‍റെ മൂന്നാം നാള്‍ കാക്കു മരിച്ചു.

ചലനം

കറങ്ങുന്ന പങ്കയില്‍ നിന്നും ഇപ്പോള്‍ ഒരു കൊടുങ്കാറ്റ് രൂപമെടുക്കുന്നു .എല്ലാം തകര്‍ത്തെറിയുന്ന കാറ്റിന്‍റെ ആസക്തി കിടപ്പുമുറിയിലെ സജ്ജീകരണങ്ങളെ ചിതറിക്കുന്നു .വന്യമായ രതിയുടെ മുരള്‍ച്ചകള്‍..അന്യോന്യമനുഭവിക്കുന്നതിന്‍റെ തീവ്രത സീല്‍ക്കാരങ്ങളിലൂടെ മുറി മുഴുവനും പരക്കുന്നു.ഇഴ വേര്‍പെടുത്താനാവാത്ത ഒരു കുരുക്കില്‍ നിഴലുകളിപ്പോള്‍ ബന്ധനസ്ഥരായി..അണപൊട്ടിയ ജലപ്രവാഹത്തിന്‍റെ പ്രവചിക്കാനാവാത്ത ചലനങ്ങളോടെ അവര്‍ ആടിത്തിമര്‍ക്കുന്നു.
പിന്നെ, ഭോഗത്തിന്‍റെ ഉയര്‍ച്ചയില്‍ നിന്നും ഒരഗ്നിപര്‍വതം പുക തുപ്പുന്നു .കറങ്ങുന്ന പങ്കയുടെ ചിറകുകള്‍ ,തിളച്ചു മറിയുന്ന ലാവയുടെ ആവേഗത്തോടെ പര്‍വതമുഖത്തുനിന്നും ....അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്ന കിതപ്പുകള്‍ടക്കിടയിലേക്ക് ..
ഇവിടെ വച്ചായിരിന്നു അയാളുടെ സ്വപ്നം മുറിഞ്ഞു വീഴുന്നത് .
തികച്ചും അലങ്കോലപ്പെടാത്ത കിടപ്പുമുറിയുടെ നേരറിവിലേക്ക് അയാളിപ്പോള്‍ കണ്ണ് തുറക്കുന്നു .മറിഞ്ഞു വീണു മേശവിരിയില്‍ നനവ്‌ പടര്‍ത്തിയ ഒരു ചായ പാത്രം,ചിതറിപ്പോയ പുസ്തകങ്ങള്‍ ,പരകോടി ബീജങ്ങള്‍ ഉണങ്ങി പിടിച്ച ,ഭോഗത്തിന്‍റെ സര്‍വ്വഭാവങ്ങള്‍ക്കും സാക്ഷിയായ ഒരു കിടക്കവിരി ....സ്വപ്നത്തിലെ പ്രതീകങ്ങള്‍ക്കായി അയാള്‍ മുറി മുഴുവന്‍ കണ്ണോടിച്ചു .
പക്ഷേ,നിശ്ചലമായ ജനാലവിരികള്‍ ,മേശമേല്‍ ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും ചായപാത്രവും,ചുളിവ് പോലും വീഴാത്ത കിടക്കവിരി ,വിയര്‍പ്പ് മണക്കാത്ത തലയിണകള്‍ ....അങ്ങിനെ എല്ലാം പഴയതുപോലെ. രതിഗന്ധമുയരാത്ത കിടപ്പുമുറിയില്‍ ,അയാളുടെ തൊട്ടു മുകളിലായി ,കാലങ്ങളോളം കറങ്ങാതെ ...പങ്ക.അതിന്‍റെ ചിറകുകള്‍ക്കിടയിലൂടെ പടര്‍ന്നു പടര്‍ന്നു മാറാലവള്ളികള്‍.അയാളുടെ ഉള്ളില്‍ നിന്നും പതിഞ്ഞൊരു കരച്ചില്‍ ഉയര്‍ന്നു ,
"ദൈവമേ,അവളിപ്പോള്‍ എത്തുമല്ലോ .."
കിടക്കയില്‍ നിന്നും എണീല്‍ക്കാനാവാതെ ,തളര്‍ച്ചയുടെ പിടിയില്‍ പെട്ട് ,നിസ്സഹായനായി അയാള്‍ .ഈയടുത്ത കാലത്താണ് തീവ്രവേഗത്തോടെ കറങ്ങുന്ന ഒരു പങ്ക അയാളുടെ സ്വപ്നങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയത്.വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ ഭാര്യയുടെ സാമീപ്യം തന്നെ ചലനം കൊള്ളിക്കുന്നില്ല എന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു .അവളുടെ നിമ്നോന്നതങ്ങളിലൂടെ വിരലുകള്‍ പായിക്കുമ്പോളെല്ലാം തനിക്ക് ഉണര്‍വ് തോന്നാത്തതെന്തെയെന്നു അയാളെ ഭയപ്പെടുത്തി ..നാഭിക്ക് താഴെ മരവിച്ചു പോയൊരു ....
പിന്നീട് ,മുരളുകയും പതിയെ വിതുമ്പുകയും മാത്രം ചെയ്യുന്ന ഒരു പങ്ക അയാള്‍ക്ക് മുകളില്‍ ഒരറിവായി നിറഞ്ഞു.
ഓരോ രാത്രികളിലും തൊട്ടടുത്ത്‌ നിന്നും ഉയര്‍ന്നു പൊങ്ങുന്ന നിശ്വാസങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അയാള്‍ വൃഥാ പണിപെട്ടു.
"ഇന്ന് വേണ്ട .നാളെയാവാം ...".ഭാര്യയോട് ഓരോ രാത്രിയിലും അയാള്‍ ആവര്‍ത്തിച്ചു.ഇത് പറയുമ്പോള്‍ അതിഭീകരമായ കുറ്റബോധം അയാളെ ഉലച്ചുകൊണ്ടിരുന്നു .
ഇതിപ്പോള്‍ എത്രാമത്തെ തവണ ..കണക്കുകള്‍ ഒരിക്കലും അയാള്‍ ഇഷ്ടപെട്ടിരുന്നില്ല .എല്ലായ്പോഴും കണക്കുകളോട് തോറ്റുകൊടുത്തിട്ടേ ഉള്ളൂ ഇതുവരെ .പരാതികളും കരച്ചിലും നിറഞ്ഞ ഒരു മുഖം എപ്പോളും അയാളിലേക്ക് ഓടിയെത്തുന്നു .
അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ അയാള്‍ക്ക് ഭയമാണ് ..ആ കണ്ണുകളിലെ ഭാവം വായിച്ചെടുക്കണമല്ലോ എന്നാ ഭീതി അയാളെ എല്ലായ്പ്പോളും നിശബ്ധനും നിരാശനുമാക്കി.
"ദൈവമേ,അവളിപ്പോള്‍ എത്തുമല്ലോ .."അയാളുടെ ഉള്ളിലെ പങ്ക മുരളുകയും കിതക്കുകയും ചെയ്തു.
അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കഴുകി അടുക്കി വയ്ക്കുന്നതിന്‍റെ ശബ്ദം. ഇനി അല്‍പ്പ സമയത്തിന്നുള്ളില്‍ അവളെത്തും,ഒരു രാത്രി മുഴുവന്‍ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍.കുളിച്ചു വിടര്‍ത്തിയിട്ട മുടിയോടെ ,മദിപ്പിക്കുന്ന ചലനങ്ങളോടെ ,കണ്ണുകളില്‍ ആയിരം ഭാവങ്ങള്‍ തിരികത്തിച്ചു കൊണ്ട് ,ചുണ്ടുകളില്‍ ദാഹത്തിന്‍റെ മുദ്ര പതിപ്പിച്ചുവച്ച്, കരവിരുതിന്‍റെ ആയിരം വിരലുകളുമായി,ഇളകിമറിയുന്നൊരു കടല്‍ പോലെ,ഒരു കാറ്റിന്‍റെ ആവേഗത്തോടെ .....അവളെത്തും.പാതിമുറിഞ്ഞ സ്വപ്നത്തില്‍ നിന്നും അയാള്‍ വിയര്‍ത്തുണര്‍ന്നു .
കറങ്ങാത്ത പങ്ക ഒരു ഓര്‍മ്മപ്പെടുത്തലായി അയാള്‍ക്ക്‌ മുകളിലുണ്ട് .രക്ഷപെടാനെന്ന പോലെ ,നെഞ്ചിന്‍ കൂടിലേക്ക് മുഖം പൂഴ്ത്തി അയാള്‍ .പിന്നെ തനിക്ക് മാത്രം കേള്‍ക്കാവുന്ന ഒരു വിതുമ്പലിലേക്ക് അയാള്‍ വീണു.

സ്വപ്ന നിര്‍മ്മിതി

ചില സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്.ചോദ്യങ്ങളുടെ നീര്‍ച്ചുഴികളിലേക്ക് നമ്മെ വീണ്ടും വീണ്ടും വലിച്ചെറിഞ്ഞു കൊണ്ട് അവ തിരിച്ചു നടക്കും;ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍.ഉണര്‍ന്നു കഴിയുമ്പോള്‍ ബാക്കിയാവുന്നത് ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളായിരിക്കും.ഒരിക്കലും അഴിഞ്ഞു തീരാത്ത കുടുക്കുകളുമായി മനസ്സിനെ വേദനിപ്പിച്ച്,വേവലാതിപ്പെടുത്തി ...ഒരു ദിവസം നശിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം!..
സാധാരണ ഞായറാഴ്ചകളില്‍ സംഭവിക്കാറുള്ളതിനു വിപരീതമായി വളരെ നേരത്തേത്തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ജയഹരിക്ക് കൂട്ടിനു ഉത്തരം കിട്ടാത്ത രണ്ടു സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്.അതും ഒരു തുടര്‍ച്ചപോലെ, ഒരേ കഥയിലെ കഥാപാത്രങ്ങള്‍ പോലെ പരസ്പര ബന്ധിതമായ എന്തോ ഒന്ന് ആ സ്വപ്നങ്ങളില്‍ അയാള്‍ അനുഭവിച്ചു.സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായിത്തന്നെ തള്ളിക്കളയാറുള്ള ആളാണ് അയാള്‍.ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ഇടയില്‍ കൃത്യമായ ഒരകലം, ഒരു വര അയാള്‍ സൂക്ഷിച്ചിരുന്നു.അപ്പുറത്തും ഇപ്പുറത്തുമായി ജീവിതം ജീവിതമായും സ്വപ്നം സ്വപ്നമായും അവയുടെ സ്വന്തം വഴികളിലൂടെ നടക്കണമെന്നും അയാള്‍ വിശ്വസിച്ചു.
എന്നാലും,ഇന്ന് അയാള്‍ തികച്ചും അസ്വസ്ഥനായി.ഉറക്കത്തില്‍ ഉത്തരങ്ങളില്ലാത്ത ചില ചോദ്യങ്ങള്‍ മാത്രം അവശേഷിപ്പിച്ചു കടന്നുപോയ രണ്ടു സ്വപ്‌നങ്ങള്‍ എന്തുകൊണ്ട് ത്തന്നെ അലട്ടുന്നുവെന്ന് അയാള്‍ ആശ്ചര്യപ്പെട്ടു.അത്രമാത്രം അവ അയാളെ വേട്ടയാടി.
നഗരത്തിലെ പ്രശസ്തമായ ഡിസൈന്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിലെ സീനിയര്‍ ഡിസൈനര്‍ ആണ് അയാള്‍.കെട്ടിട സമുച്ചയങ്ങളും വീടുകളും ഡിസൈന്‍ ചെയ്യുന്നതില്‍ തികച്ചും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്നതിനാല്‍ അയാളുടെ പേര് ഡിസൈനര്‍മാര്‍ക്കിടയില്‍ ഒരല്‍പം അസൂയയോടെ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കേരളീയ വാസ്തുകലയും ആധുനിക രീതികളും സംയോജിപ്പിച്ച് നല്ലൊരു ഒഴുക്ക് അയാളുടെ ഡിസൈനുകളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടു.
ഡിസൈന്‍ ഡയരക്ടര്‍ ആയി സ്ഥാപനത്തില്‍ പുതുതായി പ്രവേശിച്ച ജോഷ്വാ സ്റ്റീഫന്‍ മാത്രമാണ് പുതിയ ഡിസൈന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അയാളേക്കാള്‍ ഒരുപടി മുന്നില്‍ നിന്നത്.ഗള്‍ഫിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നും നീണ്ട കാല പ്രവര്‍ത്തിപരിചയത്തോടെ വന്ന ജോഷ്വാ, ആധുനിക ശൈലികളോടെ ഒരു മായക്കാഴ്ചയുടെ അനുഭവം നിര്‍മിതികളില്‍ രൂപപ്പെടുത്തി.ജയഹരിക്ക് ഒരല്‍പം കുശുമ്പ് തോന്നിയിരുന്നതും ജോഷ്വായോട്‌ മാത്രം.അത് ക്രിയേറ്റിവിറ്റികല്‍ തമ്മിലുള്ള ഒരു മല്‍സരകുശുമ്പിലേക്ക് ഒതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.വ്യക്തിപരമായി അയാള്‍ക്ക്‌ ആരോടും പിണങ്ങാന്‍ കഴിയുമായിരുന്നില്ല എന്നതായിരുന്നു സത്യം.തനിക്ക് അര്‍ഹതപ്പെട്ട ഡയറക്ടര്‍ സ്ഥാനത്ത് വേറൊരാള്‍ വന്നതിന്‍റെ നീരസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു.
അതുകൊണ്ട് തന്നെയാവണം ആദ്യത്തെ സ്വപ്നത്തില്‍ കടന്നു വന്നത് ജോഷ്വാ ആയിരുന്നു.സാധാരണ ധരിക്കാറുള്ള അലസമായ വസ്ത്രങ്ങള്‍ അല്ലായിരുന്നു ജോഷ്വായുടേത്‌. തന്‍റെ ഡിസൈനുകളില്‍ കാണിക്കുന്ന വൃത്തി ഒരിക്കലും അയാള്‍ അയാളുടെ വസ്ത്രധാരണത്തില്‍ കാണിച്ചിരുന്നില്ല.ഇന്നിപ്പോള്‍ സ്വപ്നത്തില്‍ തികച്ചും വ്യതസ്തമായ തിളങ്ങുന്ന സ്യൂട്ടും അതിനനുസരിച്ചുള്ള ലെതര്‍ ഷൂസും.
"ഇതെന്താടോ,ജോഷ്വാ,താനല്‍പ്പം സുന്ദരനായീട്ടുണ്ടല്ലോ.എന്താ ഇന്ന് പ്രത്യേകിച്ച്?"ജയഹരി ചോദിച്ചു.
ഉത്തരം പറയാതെ,കോട്ടിന്‍റെ പോക്കറ്റില്‍ കര്‍ച്ചീഫ് തിരുകുന്ന ശ്രദ്ധയിലായിരുന്നു ജോഷ്വാ.ജയഹരിയുടെ മുറിയിലെ കണ്ണാടിയില്‍ സ്വയം ഭംഗിയാസ്വദിച്ചു നിന്നു അയാള്‍.
"ആയ്, പറയൂ മാഷേ,ഇന്നെന്താണിത്ര പ്രത്യേകിച്ച്?.താനൊരിക്കലും ഇങ്ങനെ വസ്ത്രമിടുന്നത് ഞാന്‍ കണ്ടീട്ടില്ല!".ജയഹരിക്ക് അത്ഭുതം അടക്കാനായില്ല.പക്ഷെ,ജോഷ്വാ പ്രത്യേകിച്ചൊന്നും പറയാതെ തന്‍റെ മുടിച്ചുരുളുകള്‍ ഒതുക്കിവയ്ക്കുന്ന തിരക്കിലേക്ക് വീണ പോലെ.ആരും കൊതിക്കുന്ന ചുരുണ്ട മുടിയാണ് ജോഷ്വായുടെതെന്ന് നീന പറഞ്ഞത് ജയഹരിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.നീനയെ ഓര്‍ത്തതും സ്വപ്നത്തില്‍ നിന്നും ജോഷ്വാ മറഞ്ഞുപോയി. അയാള്‍ തന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തന്നില്ലല്ലോയെന്നു ജയഹരി ഖേദത്തോടെ വിചാരിച്ചു.
നീന അങ്ങനെയാണ്.ഒരു ജലപ്രവാഹം പോലെ, അയാളെ പൊതിയുന്ന എല്ലാ ചിന്തകളെയും ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതാക്കാന്‍ അവള്‍ക്കു കഴിയും!.അതങ്ങനെത്തന്നെ ആകുന്നതില്‍ ജയഹരി സ്വകാര്യമായി ആനന്ദിച്ചിരുന്നു;അയാളുടെ ലോകം ഒരൊറ്റ രൂപത്തിലേക്ക് ചുരുങ്ങുന്ന ഏതൊരു നിമിഷവും.
അയാളുടെ സ്ഥാപനത്തിലെ വെറുമൊരു ഡിസൈനര്‍ മാത്രമായിരുന്നില്ല നീന അയാള്‍ക്ക്‌.തന്‍റെ ജീവിതം ഡിസൈന്‍ ചെയ്യുന്നതില്‍ കൂടെ കൂട്ടേണ്ട പങ്കാളിയായും അയാള്‍ കരുതിയിരുന്നു.അതയാള്‍ ഒരിക്കല്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തിരുന്നു.നീന മറുത്തൊന്നും പറഞ്ഞുമില്ല.
ഓര്‍ത്തപ്പോളെക്കും സ്വപ്നത്തില്‍ നീനയെത്തി.പതിവുപോലെ കണ്ണടയില്ല.അവളുടെ കണ്ണുകളില്‍ വ്യതസ്തമായ ഒരു തിളക്കം.
"ഇതെന്താ നീന,കണ്ണട എവിടെ പോയി.കണ്ണുകള്‍ക്ക്‌ നല്ല തിളക്കമുണ്ടല്ലോ?"ജയഹരി ചോദിച്ചു.
നീന മറുപടിയൊന്നും പറഞ്ഞില്ല.പതിയെ തെളിഞ്ഞു വന്ന ഒരു പുഞ്ചിരിയില്‍ അവള്‍ നിന്നു.പിന്നെ സാരിയുടെ മടക്കുകള്‍ വൃത്തിയില്‍ ഒതുക്കുന്ന തിരക്കിലേക്ക് വീണു.അപ്പോളാണ് അയാള്‍ അവളുടെ പുതിയ സാരിയിലേക്കും കൈകളില്‍ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളിലേക്കും കാഴ്ച തിരിച്ചത്. കാതുകളില്‍ ഡയമണ്ട് പൂത്തു നില്‍ക്കുന്ന കമ്മലുകള്‍.
"എന്താടോ ഇന്ന് പ്രത്യേകിച്ച്?.താന്‍ സുന്ദരിയായീട്ടുണ്ട് കേട്ടോ."അയാള്‍ അഭിനന്ദിക്കാന്‍ മറന്നില്ല.പക്ഷെ, അവള്‍ ഒന്നും ഉരിയാടുന്നില്ല.
മുറിയിലെ കണ്ണാടിയില്‍ പുറംതിരിഞ്ഞു നോക്കി തന്‍റെ ഭംഗി ആസ്വദിക്കുന്നു.തിരിഞ്ഞു നിന്നപ്പോള്‍ അയാള്‍ ശ്രദ്ധിച്ചു,താന്‍ കൊടുത്ത മോതിരം അവളുടെ വിരലില്‍ കാണുന്നില്ല.
"ഞാന്‍ സമ്മാനിച്ച മോതിരം കാണുന്നില്ലല്ലോ നീന.ഇതേതാണ് പുതിയ ഒന്ന്.നീ പുതിയ മോതിരം വാങ്ങിയ കാര്യം എന്നോട് പറഞ്ഞില്ലല്ലോ?"അയാള്‍ പരിഭവിച്ചു.
ഉത്തരമൊന്നും പറയാതെ നീന അയാളുടെ സ്വപ്നത്തില്‍ നിന്നും മുറിഞ്ഞു വീണു...

ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്.അവ ഒരാളെ എത്രമാത്രം അലട്ടികൊണ്ടിരിക്കും എന്ന് പറയാനാവില്ല.ഉണര്‍ന്നതുമുതല്‍, ഉറക്കത്തില്‍ തന്നിലേക്ക് ഇറങ്ങിവന്ന ആ രണ്ടു സ്വപ്നങ്ങള്‍ ആയിരുന്നു അയാളെ അലട്ടിയത്.ഇതിനിടയില്‍ പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യുവാനോ ഭക്ഷണം കഴിക്കുവാനോ അയാള്‍ മറന്നു പോയിരുന്നു.ജോഷ്വായെയും നീനയെയും ഫോണ്‍ വിളിച്ചു ചോദിച്ചാലോ എന്നുപോലും അയാള്‍ ഒരു നിമിഷം വിചാരിച്ചു.പിന്നെ അവര്‍ തന്നെ കളിയാക്കി കളയുമോ എന്ന ജാള്യത്താല്‍ വേണ്ടെന്നു വച്ചു.അല്ലെങ്കില്‍ ത്തന്നെ കളിയാക്കലുകള്‍ അയാള്‍ ഇഷ്ടപെട്ടിരുന്നില്ല.
ഉച്ചകഴിഞ്ഞു വീണ്ടുമൊരു മയക്കത്തിലേക്ക്‌ വീണുപോയ സമയത്തായിരുന്നു കോളിംഗ് ബെല്‍ ശബ്ദിച്ചത്.ആരായിരിക്കും ഈ സമയത്തെന്നു ഊഹിച്ചെടുക്കാന്‍ ശ്രമിച്ച്,വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ജോഷ്വാ.പിറകില്‍ നീനയുമുണ്ട്!.സ്വപ്നങ്ങളില്‍ കണ്ട അതെ വസ്ത്രങ്ങള്‍ ത്തന്നെ.ജയഹരി ചെറിയൊരു അമ്പരപ്പോടെ നിന്നു.
"എന്താ മാഷേ,ഞങ്ങള്‍ അകത്തേക്ക് വന്നോട്ടെ?"ജോഷ്വാ ചോദിച്ചു. ജയഹരി അവര്‍ക്ക് അകത്തേക്ക് കടക്കുവാനായി വഴിയൊതുങ്ങി.അവര്‍ മുറിയിലേക്ക് കടക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങളെ അയാള്‍ നിരീക്ഷിച്ചു.സ്വപ്നത്തില്‍ വന്ന അതെ വേഷങ്ങള്‍.കൂടുതലായി നീനയില്‍ കണ്ടത് കയ്യിലെ ബൊക്കെ മാത്രം.അയാളുടെ ഉള്ളിലൂടെ ചെറിയൊരു ആന്തല്‍ കടന്നുപോയി.ഇവര്‍..?
"നീന നിര്‍ബന്ധിച്ചു ആദ്യമായി ഹരിയെ ത്തന്നെ കാണണമെന്ന്.അതുകൊണ്ട് ഞങ്ങള്‍ പള്ളിയില്‍ നിന്ന് നേരെ ഇങ്ങോട്ട് വന്നു.ചെറിയൊരു ചടങ്ങ് ആയിരുന്നു.ഒരാഴ്ചക്കുള്ളില്‍ എടുത്ത തീരുമാനം.അതിനാല്‍ ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല.ദേഷ്യപെടെണ്ടാ കേട്ടോ.സ്റ്റാഫിനെല്ലാം പാര്‍ട്ടി ഉടനെ ഉണ്ടാകും....ഞങ്ങള്‍ വിവാഹം കഴിച്ചു,ഹരി.."ജോഷ്വായുടെ ശബ്ദം വേറെ എവിടെ നിന്നോ വരുന്നപോലെ തോന്നി അയാള്‍ക്ക്‌.സ്വപ്നത്തില്‍ അയാള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍!
അയാള്‍ നീനയുടെ മുഖത്തേക്ക് നോക്കി.ഒരല്‍പം പോലും സങ്കടം ആ മുഖത്ത് അയാള്‍ കണ്ടില്ല.കല്യാണ വേഷത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് അയാള്‍ ഉള്ളില്‍ പറഞ്ഞു.
"ഹരി,.."നീന പറയാന്‍ തുടങ്ങി."ഞാന്‍ കുറെ ആലോചിച്ചു.ശരിയെന്നു തോന്നി.ഹരിയുമായുള്ള ഒരു വിവാഹം അപ്പന്‍ സമ്മതിക്കില്ല.ഒരു ഒളിച്ചോട്ടം ഞാന്‍ ഇഷ്ടപെടുന്നുമില്ല.പ്രാക്ടിക്കല്‍ ആയി നോക്കുമ്പോള്‍ ഞാനും ജോഷ്വായും തമ്മിലാണ് ചേരുക.എനിക്കയാളെ ഇഷ്ടവുമാണ്."
നീന നിനക്കിതിനെങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ജയഹരി വിഴുങ്ങി.പുതുതായി വിരലില്‍ ഇട്ട വിവാഹ മോതിരം തടവി കൊണ്ട് നീന തുടര്‍ന്നു,
"ഹരിയെ ഇഷ്ടപെടുന്ന ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാകും.ഉറപ്പുണ്ട് എനിക്ക്.അല്ലെങ്കില്‍ ഹരിയെ ആര്‍ക്കാണ് ഇഷ്ടപെടാതിരിക്കാന്‍ കഴിയുക."അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം അയാള്‍ കണ്ടു.സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
"കണ്ണട മാറ്റി കോണ്ടാക്റ്റ്‌ ലെന്‍സ്‌ വച്ചാല്‍ മതി എന്ന് ജോഷ്വാ പറഞ്ഞു..അതാണ്‌ കൂടുതല്‍ ഭംഗി എന്നും"നീന പറഞ്ഞു നിര്‍ത്തി.

ഉത്തരങ്ങള്‍ ലഭിക്കുമ്പോള്‍ സ്വപ്നങ്ങള്‍ നമ്മള്‍ എവിടെയാണ് വലിച്ചെറിയുന്നത്.ഒരു പക്ഷെ,കുറച്ചുനാള്‍ അവ കൂടെ നടക്കും.കുറച്ചു വേദനിപ്പിക്കും.പിന്നെ പിന്നെ ഉത്തരമില്ലാത്ത വേറെ ചില സ്വപ്നങ്ങള്‍ക്ക് അവ വഴിമാറി കൊടുക്കും.പിന്നെ പിന്നെ പഴയവയൊക്കെ വിസ്മൃതിയിലേക്ക്...

ജോഷ്വായെയും നീനയെയും യാത്രയാക്കി, പുതിയ പുതിയ സ്വപ്നങ്ങളുടെ നിര്‍മ്മിതികളിലേക്ക് അയാള്‍ തയ്യാറെടുത്തു.

(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു-Jan 2012)