Friday 2 March 2012

സ്വപ്ന നിര്‍മ്മിതി

ചില സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്.ചോദ്യങ്ങളുടെ നീര്‍ച്ചുഴികളിലേക്ക് നമ്മെ വീണ്ടും വീണ്ടും വലിച്ചെറിഞ്ഞു കൊണ്ട് അവ തിരിച്ചു നടക്കും;ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍.ഉണര്‍ന്നു കഴിയുമ്പോള്‍ ബാക്കിയാവുന്നത് ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളായിരിക്കും.ഒരിക്കലും അഴിഞ്ഞു തീരാത്ത കുടുക്കുകളുമായി മനസ്സിനെ വേദനിപ്പിച്ച്,വേവലാതിപ്പെടുത്തി ...ഒരു ദിവസം നശിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം!..
സാധാരണ ഞായറാഴ്ചകളില്‍ സംഭവിക്കാറുള്ളതിനു വിപരീതമായി വളരെ നേരത്തേത്തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ജയഹരിക്ക് കൂട്ടിനു ഉത്തരം കിട്ടാത്ത രണ്ടു സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്.അതും ഒരു തുടര്‍ച്ചപോലെ, ഒരേ കഥയിലെ കഥാപാത്രങ്ങള്‍ പോലെ പരസ്പര ബന്ധിതമായ എന്തോ ഒന്ന് ആ സ്വപ്നങ്ങളില്‍ അയാള്‍ അനുഭവിച്ചു.സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായിത്തന്നെ തള്ളിക്കളയാറുള്ള ആളാണ് അയാള്‍.ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ഇടയില്‍ കൃത്യമായ ഒരകലം, ഒരു വര അയാള്‍ സൂക്ഷിച്ചിരുന്നു.അപ്പുറത്തും ഇപ്പുറത്തുമായി ജീവിതം ജീവിതമായും സ്വപ്നം സ്വപ്നമായും അവയുടെ സ്വന്തം വഴികളിലൂടെ നടക്കണമെന്നും അയാള്‍ വിശ്വസിച്ചു.
എന്നാലും,ഇന്ന് അയാള്‍ തികച്ചും അസ്വസ്ഥനായി.ഉറക്കത്തില്‍ ഉത്തരങ്ങളില്ലാത്ത ചില ചോദ്യങ്ങള്‍ മാത്രം അവശേഷിപ്പിച്ചു കടന്നുപോയ രണ്ടു സ്വപ്‌നങ്ങള്‍ എന്തുകൊണ്ട് ത്തന്നെ അലട്ടുന്നുവെന്ന് അയാള്‍ ആശ്ചര്യപ്പെട്ടു.അത്രമാത്രം അവ അയാളെ വേട്ടയാടി.
നഗരത്തിലെ പ്രശസ്തമായ ഡിസൈന്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിലെ സീനിയര്‍ ഡിസൈനര്‍ ആണ് അയാള്‍.കെട്ടിട സമുച്ചയങ്ങളും വീടുകളും ഡിസൈന്‍ ചെയ്യുന്നതില്‍ തികച്ചും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്നതിനാല്‍ അയാളുടെ പേര് ഡിസൈനര്‍മാര്‍ക്കിടയില്‍ ഒരല്‍പം അസൂയയോടെ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കേരളീയ വാസ്തുകലയും ആധുനിക രീതികളും സംയോജിപ്പിച്ച് നല്ലൊരു ഒഴുക്ക് അയാളുടെ ഡിസൈനുകളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടു.
ഡിസൈന്‍ ഡയരക്ടര്‍ ആയി സ്ഥാപനത്തില്‍ പുതുതായി പ്രവേശിച്ച ജോഷ്വാ സ്റ്റീഫന്‍ മാത്രമാണ് പുതിയ ഡിസൈന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അയാളേക്കാള്‍ ഒരുപടി മുന്നില്‍ നിന്നത്.ഗള്‍ഫിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നും നീണ്ട കാല പ്രവര്‍ത്തിപരിചയത്തോടെ വന്ന ജോഷ്വാ, ആധുനിക ശൈലികളോടെ ഒരു മായക്കാഴ്ചയുടെ അനുഭവം നിര്‍മിതികളില്‍ രൂപപ്പെടുത്തി.ജയഹരിക്ക് ഒരല്‍പം കുശുമ്പ് തോന്നിയിരുന്നതും ജോഷ്വായോട്‌ മാത്രം.അത് ക്രിയേറ്റിവിറ്റികല്‍ തമ്മിലുള്ള ഒരു മല്‍സരകുശുമ്പിലേക്ക് ഒതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.വ്യക്തിപരമായി അയാള്‍ക്ക്‌ ആരോടും പിണങ്ങാന്‍ കഴിയുമായിരുന്നില്ല എന്നതായിരുന്നു സത്യം.തനിക്ക് അര്‍ഹതപ്പെട്ട ഡയറക്ടര്‍ സ്ഥാനത്ത് വേറൊരാള്‍ വന്നതിന്‍റെ നീരസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു.
അതുകൊണ്ട് തന്നെയാവണം ആദ്യത്തെ സ്വപ്നത്തില്‍ കടന്നു വന്നത് ജോഷ്വാ ആയിരുന്നു.സാധാരണ ധരിക്കാറുള്ള അലസമായ വസ്ത്രങ്ങള്‍ അല്ലായിരുന്നു ജോഷ്വായുടേത്‌. തന്‍റെ ഡിസൈനുകളില്‍ കാണിക്കുന്ന വൃത്തി ഒരിക്കലും അയാള്‍ അയാളുടെ വസ്ത്രധാരണത്തില്‍ കാണിച്ചിരുന്നില്ല.ഇന്നിപ്പോള്‍ സ്വപ്നത്തില്‍ തികച്ചും വ്യതസ്തമായ തിളങ്ങുന്ന സ്യൂട്ടും അതിനനുസരിച്ചുള്ള ലെതര്‍ ഷൂസും.
"ഇതെന്താടോ,ജോഷ്വാ,താനല്‍പ്പം സുന്ദരനായീട്ടുണ്ടല്ലോ.എന്താ ഇന്ന് പ്രത്യേകിച്ച്?"ജയഹരി ചോദിച്ചു.
ഉത്തരം പറയാതെ,കോട്ടിന്‍റെ പോക്കറ്റില്‍ കര്‍ച്ചീഫ് തിരുകുന്ന ശ്രദ്ധയിലായിരുന്നു ജോഷ്വാ.ജയഹരിയുടെ മുറിയിലെ കണ്ണാടിയില്‍ സ്വയം ഭംഗിയാസ്വദിച്ചു നിന്നു അയാള്‍.
"ആയ്, പറയൂ മാഷേ,ഇന്നെന്താണിത്ര പ്രത്യേകിച്ച്?.താനൊരിക്കലും ഇങ്ങനെ വസ്ത്രമിടുന്നത് ഞാന്‍ കണ്ടീട്ടില്ല!".ജയഹരിക്ക് അത്ഭുതം അടക്കാനായില്ല.പക്ഷെ,ജോഷ്വാ പ്രത്യേകിച്ചൊന്നും പറയാതെ തന്‍റെ മുടിച്ചുരുളുകള്‍ ഒതുക്കിവയ്ക്കുന്ന തിരക്കിലേക്ക് വീണ പോലെ.ആരും കൊതിക്കുന്ന ചുരുണ്ട മുടിയാണ് ജോഷ്വായുടെതെന്ന് നീന പറഞ്ഞത് ജയഹരിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.നീനയെ ഓര്‍ത്തതും സ്വപ്നത്തില്‍ നിന്നും ജോഷ്വാ മറഞ്ഞുപോയി. അയാള്‍ തന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തന്നില്ലല്ലോയെന്നു ജയഹരി ഖേദത്തോടെ വിചാരിച്ചു.
നീന അങ്ങനെയാണ്.ഒരു ജലപ്രവാഹം പോലെ, അയാളെ പൊതിയുന്ന എല്ലാ ചിന്തകളെയും ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതാക്കാന്‍ അവള്‍ക്കു കഴിയും!.അതങ്ങനെത്തന്നെ ആകുന്നതില്‍ ജയഹരി സ്വകാര്യമായി ആനന്ദിച്ചിരുന്നു;അയാളുടെ ലോകം ഒരൊറ്റ രൂപത്തിലേക്ക് ചുരുങ്ങുന്ന ഏതൊരു നിമിഷവും.
അയാളുടെ സ്ഥാപനത്തിലെ വെറുമൊരു ഡിസൈനര്‍ മാത്രമായിരുന്നില്ല നീന അയാള്‍ക്ക്‌.തന്‍റെ ജീവിതം ഡിസൈന്‍ ചെയ്യുന്നതില്‍ കൂടെ കൂട്ടേണ്ട പങ്കാളിയായും അയാള്‍ കരുതിയിരുന്നു.അതയാള്‍ ഒരിക്കല്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തിരുന്നു.നീന മറുത്തൊന്നും പറഞ്ഞുമില്ല.
ഓര്‍ത്തപ്പോളെക്കും സ്വപ്നത്തില്‍ നീനയെത്തി.പതിവുപോലെ കണ്ണടയില്ല.അവളുടെ കണ്ണുകളില്‍ വ്യതസ്തമായ ഒരു തിളക്കം.
"ഇതെന്താ നീന,കണ്ണട എവിടെ പോയി.കണ്ണുകള്‍ക്ക്‌ നല്ല തിളക്കമുണ്ടല്ലോ?"ജയഹരി ചോദിച്ചു.
നീന മറുപടിയൊന്നും പറഞ്ഞില്ല.പതിയെ തെളിഞ്ഞു വന്ന ഒരു പുഞ്ചിരിയില്‍ അവള്‍ നിന്നു.പിന്നെ സാരിയുടെ മടക്കുകള്‍ വൃത്തിയില്‍ ഒതുക്കുന്ന തിരക്കിലേക്ക് വീണു.അപ്പോളാണ് അയാള്‍ അവളുടെ പുതിയ സാരിയിലേക്കും കൈകളില്‍ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളിലേക്കും കാഴ്ച തിരിച്ചത്. കാതുകളില്‍ ഡയമണ്ട് പൂത്തു നില്‍ക്കുന്ന കമ്മലുകള്‍.
"എന്താടോ ഇന്ന് പ്രത്യേകിച്ച്?.താന്‍ സുന്ദരിയായീട്ടുണ്ട് കേട്ടോ."അയാള്‍ അഭിനന്ദിക്കാന്‍ മറന്നില്ല.പക്ഷെ, അവള്‍ ഒന്നും ഉരിയാടുന്നില്ല.
മുറിയിലെ കണ്ണാടിയില്‍ പുറംതിരിഞ്ഞു നോക്കി തന്‍റെ ഭംഗി ആസ്വദിക്കുന്നു.തിരിഞ്ഞു നിന്നപ്പോള്‍ അയാള്‍ ശ്രദ്ധിച്ചു,താന്‍ കൊടുത്ത മോതിരം അവളുടെ വിരലില്‍ കാണുന്നില്ല.
"ഞാന്‍ സമ്മാനിച്ച മോതിരം കാണുന്നില്ലല്ലോ നീന.ഇതേതാണ് പുതിയ ഒന്ന്.നീ പുതിയ മോതിരം വാങ്ങിയ കാര്യം എന്നോട് പറഞ്ഞില്ലല്ലോ?"അയാള്‍ പരിഭവിച്ചു.
ഉത്തരമൊന്നും പറയാതെ നീന അയാളുടെ സ്വപ്നത്തില്‍ നിന്നും മുറിഞ്ഞു വീണു...

ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്.അവ ഒരാളെ എത്രമാത്രം അലട്ടികൊണ്ടിരിക്കും എന്ന് പറയാനാവില്ല.ഉണര്‍ന്നതുമുതല്‍, ഉറക്കത്തില്‍ തന്നിലേക്ക് ഇറങ്ങിവന്ന ആ രണ്ടു സ്വപ്നങ്ങള്‍ ആയിരുന്നു അയാളെ അലട്ടിയത്.ഇതിനിടയില്‍ പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യുവാനോ ഭക്ഷണം കഴിക്കുവാനോ അയാള്‍ മറന്നു പോയിരുന്നു.ജോഷ്വായെയും നീനയെയും ഫോണ്‍ വിളിച്ചു ചോദിച്ചാലോ എന്നുപോലും അയാള്‍ ഒരു നിമിഷം വിചാരിച്ചു.പിന്നെ അവര്‍ തന്നെ കളിയാക്കി കളയുമോ എന്ന ജാള്യത്താല്‍ വേണ്ടെന്നു വച്ചു.അല്ലെങ്കില്‍ ത്തന്നെ കളിയാക്കലുകള്‍ അയാള്‍ ഇഷ്ടപെട്ടിരുന്നില്ല.
ഉച്ചകഴിഞ്ഞു വീണ്ടുമൊരു മയക്കത്തിലേക്ക്‌ വീണുപോയ സമയത്തായിരുന്നു കോളിംഗ് ബെല്‍ ശബ്ദിച്ചത്.ആരായിരിക്കും ഈ സമയത്തെന്നു ഊഹിച്ചെടുക്കാന്‍ ശ്രമിച്ച്,വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ജോഷ്വാ.പിറകില്‍ നീനയുമുണ്ട്!.സ്വപ്നങ്ങളില്‍ കണ്ട അതെ വസ്ത്രങ്ങള്‍ ത്തന്നെ.ജയഹരി ചെറിയൊരു അമ്പരപ്പോടെ നിന്നു.
"എന്താ മാഷേ,ഞങ്ങള്‍ അകത്തേക്ക് വന്നോട്ടെ?"ജോഷ്വാ ചോദിച്ചു. ജയഹരി അവര്‍ക്ക് അകത്തേക്ക് കടക്കുവാനായി വഴിയൊതുങ്ങി.അവര്‍ മുറിയിലേക്ക് കടക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങളെ അയാള്‍ നിരീക്ഷിച്ചു.സ്വപ്നത്തില്‍ വന്ന അതെ വേഷങ്ങള്‍.കൂടുതലായി നീനയില്‍ കണ്ടത് കയ്യിലെ ബൊക്കെ മാത്രം.അയാളുടെ ഉള്ളിലൂടെ ചെറിയൊരു ആന്തല്‍ കടന്നുപോയി.ഇവര്‍..?
"നീന നിര്‍ബന്ധിച്ചു ആദ്യമായി ഹരിയെ ത്തന്നെ കാണണമെന്ന്.അതുകൊണ്ട് ഞങ്ങള്‍ പള്ളിയില്‍ നിന്ന് നേരെ ഇങ്ങോട്ട് വന്നു.ചെറിയൊരു ചടങ്ങ് ആയിരുന്നു.ഒരാഴ്ചക്കുള്ളില്‍ എടുത്ത തീരുമാനം.അതിനാല്‍ ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല.ദേഷ്യപെടെണ്ടാ കേട്ടോ.സ്റ്റാഫിനെല്ലാം പാര്‍ട്ടി ഉടനെ ഉണ്ടാകും....ഞങ്ങള്‍ വിവാഹം കഴിച്ചു,ഹരി.."ജോഷ്വായുടെ ശബ്ദം വേറെ എവിടെ നിന്നോ വരുന്നപോലെ തോന്നി അയാള്‍ക്ക്‌.സ്വപ്നത്തില്‍ അയാള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍!
അയാള്‍ നീനയുടെ മുഖത്തേക്ക് നോക്കി.ഒരല്‍പം പോലും സങ്കടം ആ മുഖത്ത് അയാള്‍ കണ്ടില്ല.കല്യാണ വേഷത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് അയാള്‍ ഉള്ളില്‍ പറഞ്ഞു.
"ഹരി,.."നീന പറയാന്‍ തുടങ്ങി."ഞാന്‍ കുറെ ആലോചിച്ചു.ശരിയെന്നു തോന്നി.ഹരിയുമായുള്ള ഒരു വിവാഹം അപ്പന്‍ സമ്മതിക്കില്ല.ഒരു ഒളിച്ചോട്ടം ഞാന്‍ ഇഷ്ടപെടുന്നുമില്ല.പ്രാക്ടിക്കല്‍ ആയി നോക്കുമ്പോള്‍ ഞാനും ജോഷ്വായും തമ്മിലാണ് ചേരുക.എനിക്കയാളെ ഇഷ്ടവുമാണ്."
നീന നിനക്കിതിനെങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ജയഹരി വിഴുങ്ങി.പുതുതായി വിരലില്‍ ഇട്ട വിവാഹ മോതിരം തടവി കൊണ്ട് നീന തുടര്‍ന്നു,
"ഹരിയെ ഇഷ്ടപെടുന്ന ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാകും.ഉറപ്പുണ്ട് എനിക്ക്.അല്ലെങ്കില്‍ ഹരിയെ ആര്‍ക്കാണ് ഇഷ്ടപെടാതിരിക്കാന്‍ കഴിയുക."അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം അയാള്‍ കണ്ടു.സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
"കണ്ണട മാറ്റി കോണ്ടാക്റ്റ്‌ ലെന്‍സ്‌ വച്ചാല്‍ മതി എന്ന് ജോഷ്വാ പറഞ്ഞു..അതാണ്‌ കൂടുതല്‍ ഭംഗി എന്നും"നീന പറഞ്ഞു നിര്‍ത്തി.

ഉത്തരങ്ങള്‍ ലഭിക്കുമ്പോള്‍ സ്വപ്നങ്ങള്‍ നമ്മള്‍ എവിടെയാണ് വലിച്ചെറിയുന്നത്.ഒരു പക്ഷെ,കുറച്ചുനാള്‍ അവ കൂടെ നടക്കും.കുറച്ചു വേദനിപ്പിക്കും.പിന്നെ പിന്നെ ഉത്തരമില്ലാത്ത വേറെ ചില സ്വപ്നങ്ങള്‍ക്ക് അവ വഴിമാറി കൊടുക്കും.പിന്നെ പിന്നെ പഴയവയൊക്കെ വിസ്മൃതിയിലേക്ക്...

ജോഷ്വായെയും നീനയെയും യാത്രയാക്കി, പുതിയ പുതിയ സ്വപ്നങ്ങളുടെ നിര്‍മ്മിതികളിലേക്ക് അയാള്‍ തയ്യാറെടുത്തു.

(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു-Jan 2012)

No comments:

Post a Comment