Friday 2 March 2012

കാക്കു

അടക്ക പറിക്കാനായി കവുങ്ങിന്‍റെ മുകളില്‍ കയറിയശേഷം താഴോട്ട് ഇറങ്ങാതെ വാശി കാട്ടിയ കാക്കു,പതിനേഴാം ദിവസം വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടു.കവുങ്ങിന്‍ തലപ്പുകളില്‍ കൈകള്‍ മുറുക്കി പിടിച്ച്,കാലുകള്‍ കവുങ്ങിന്‍റെ തടിയില്‍ പിണച്ചു പിടിച്ച് ഇരിക്കുന്ന അയാളുടെ കാഴ്ചയിലൂടെ ,വിശാലമായ ആകാശത്തിന്നതിരില്‍ നിന്ന്  തനിക്ക് നേരെ പറന്നടുക്കുന്ന ഒരു വലിയ കൂട്ടം അരിപ്രാവുകള്‍.ഓരോ നിമിഷവും അവ പറക്കുന്ന രീതി മാറ്റികൊണ്ടിരുന്നു.ആദ്യം വട്ടത്തില്‍,പിന്നെ ചതുരാകൃതിയില്‍,പിന്നെ അയാള്‍ക്കിഷ്ടപെട്ട അമ്പിന്‍റെ ആകൃതിയില്‍.രൂപങ്ങള്‍ മാറുന്നത് മിന്നല്‍ വേഗത്തിലും...
വിശാലമായ കവുങ്ങിന്‍ പറമ്പായിരുന്നു കാക്കുവിന്‍റെത്.പാകമായ അടക്ക പറിക്കാന്‍ വേറെ ആരെയും വിളിക്കാറില്ല അയാള്‍.മെലിഞ്ഞതെങ്കിലും ബലിഷ്ഠമായ അയാളുടെ ശരീരം കവുങ്ങുമരങ്ങളില്‍ നിറഞ്ഞാടുന്നത് കാണേണ്ട ഒരു കാഴ്ചയാണ്.ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു കുരങ്ങന്‍റെ മെയ്‌വഴക്കത്തോടെ അയാള്‍ പറന്നു നീങ്ങും.കൈ വിട്ടു പോകും എന്ന് നമ്മള്‍ ശ്വാസമടക്കി നില്‍ക്കുമ്പോള്‍ ,ഒരു  ട്രപ്പീസ് കളിക്കാരന്‍റെ ലാഘവത്തോടെ ജീവിതത്തെ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാട്ടി അയാള്‍ കാഴ്ചക്കാരായ ഞങ്ങളെ വിസ്മയിപ്പിക്കും.കൈയിലുള്ള ചെറിയ വളഞ്ഞ കത്തികൊണ്ട്,അടക്കാക്കുലകള്‍ ചെത്തിയരിഞ്ഞു താഴേക്കു വീഴ്ത്തും.ചിതറി തെറിക്കുന്ന പഴുത്ത്,സ്വര്‍ണ്ണവര്‍ണ്ണമുള്ള അടക്കകള്‍ ഒരു കാഴ്ച തന്നെയാണ്.
പറന്നടുക്കുന്ന പ്രാവുകള്‍ അയാളുടെ കാഴ്ചയില്‍ ഒരു ഉരുള്‍പൊട്ടലിന്‍റെ രൂപം പൂണ്ടു.ആര്‍ത്തലച്ചു ഒഴുകിയെത്തുന്ന ജലത്തിന്‍റെ വന്യരൂപം.മരങ്ങളെ കടപുഴക്കി,മണ്ണിനെ ചിതറിത്തെറിപ്പിച്ച്,ഉറഞ്ഞു തുള്ളുന്ന ജലരൂപം.അല്ല,അതൊരു തോന്നലാണ്.പെട്ടെന്ന്,മനസ്സിന്‍റെ അടിത്തറയില്‍ നിന്നും ഇളകി അടര്‍ന്നു വീണ വിഭ്രാല്മകമായ ഒരു തോന്നല്‍.ഇപ്പോള്‍ അവ പ്രാവുകള്‍ തന്നെയാണ്.അവ പറക്കുകയാണ്,തനിക്ക് നേരെ.ഈയിടെയാണ് കാഴ്ചകള്‍ ഇങ്ങനെ അയാളെ കളിപ്പിക്കാന്‍ തുടങ്ങിയത്.പ്രാവുകളുടെ അവ്യക്തമായ കുറുകലുകള്‍ അയാളിലേക്ക് ഒഴുകിയെത്തി.
ആദ്യ ദിവസം കഴിഞ്ഞും താഴേക്കു ഇറങ്ങാതിരുന്ന കാക്കുവിനെ അപ്പന്‍ ചീത്തവിളിച്ചു,"ഡാ,കാഴ്വേറീടെ മോനെ,ഏറങ്ങടാ താഴെ".തൊണ്ടയില്‍ കുരുങ്ങിയ കഫം നീട്ടി തുപ്പി,വലിവിന്‍റെ നെഞ്ചിന്‍കൂട് ആയാസത്തോടെ തുറന്ന്,ഇള്ള ഒച്ചയില്‍ ലോനപ്പേട്ടന്‍ അലറി .കമ്പനമുള്ള ആ ഒച്ചയില്‍ അയാളുടെ കഴുത്തില്‍ തൂക്കിയിട്ട,അന്യോന്യം കുരുങ്ങി കിടന്ന കൊന്തയും  വെന്തിങ്ങമാലയും  ഇളകിയാടി.അപ്പന്‍ പറഞ്ഞത് കേള്‍ക്കാതെ,ഒരു കവുങ്ങില്‍ നിന്നും മറ്റൊരു കവുങ്ങിലേക്ക് കാക്കു പറന്നു."ഡാ,കുര്യാക്കൂ,അപ്പനല്ലേടാ പറയണേ .ഏറങ്ങടാ താഴെ".ലോനപ്പേട്ടന്‍ തിമിരം കലര്‍ന്ന കാഴ്ചയിലൂടെ,മരങ്ങള്‍ക്കിടയില്‍ ,കവുങ്ങിന്‍ പട്ടകള്‍ക്കിടയില്‍ ,ഒളിഞ്ഞും തെളിഞ്ഞും കാണുന്ന കാക്കുവിന്‍റെ ശരീരത്തെ വായിച്ചെടുക്കാന്‍ ശ്രമിച്ചു.അന്തിവെയിലിന്‍റെ തീഷ്ണതയില്‍ കണ്ണുപുളിച്ച്,അയാളുടെ കാഴ്ചയില്‍ പല പല ശരീരങ്ങള്‍ തലങ്ങും വിലങ്ങും ആടിക്കളിച്ചു.
പെട്ടെന്ന്,അപ്പന്‍റെ തൊട്ടടുത്ത കവുങ്ങിലേക്ക് പറന്നു വന്ന്,മുണ്ടുപൊക്കി,അപ്പനുമേലേക്ക് കാക്കു മൂത്രം നീട്ടി ഒഴിച്ചു.
പ്രാവുകള്‍ സ്വര്‍ഗത്തെ ഓര്‍മ്മിപ്പിക്കും.കാക്കുവിന്‍റെ ഓര്‍മ്മകളില്‍ പ്രാവുകള്‍ എപ്പോളും കൂട്ടിനുണ്ട്.കുടുംബ പ്രാര്‍ത്ഥനയില്‍,പള്ളിയിലെ കന്യാമറിയത്തിന്‍റെ ഗ്രോട്ടോയിലെ പ്രാര്‍ഥനാ വേളകളില്‍ ഇത്തരം പ്രാവുകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു എന്ന് അയാള്‍ക്ക്‌ എപ്പോളും തോന്നിയിരുന്നു.ജീവിതത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് പ്രാവുകളില്‍ ഉണ്ടെന്നു അയാള്‍ ഉറപ്പായും വിശ്വസിച്ചു.ഇപ്പോള്‍,കവുങ്ങില്‍ പിടിച്ചിരിക്കുന്ന അയാളെ തേടി അവ വീണ്ടും എത്തിയിരിക്കുന്നു.ഒരു അമ്പ്‌ രൂപത്തിലാണ് അവയിപ്പോള്‍ പറന്നടുക്കുന്നത്.വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളനെ പോലെ,തന്നെ തേടി പറന്നു വരുന്ന ഒരു അമ്പ്‌.
മൂന്നാമത്തെ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്,കാക്കു താഴെ ഇറങ്ങിയീട്ടില്ലെന്ന്.ആലത്തറ സെന്ററിലെ,നാണികുട്ടിഅമ്മയുടെ ചായക്കടയിലിരുന്നു,നാരായണന്‍കുട്ട്യേട്ടന്റെ പത്രവായനയെ മുറിച്ചു കൊണ്ട്,പാല്‍ക്കാരന്‍ പൈലോത് പറഞ്ഞു,"കേട്ടില്ല്യെ,നമ്മ്ടെ കാക്കു കവുങ്ങീ കേറീട്ട് മൂന്നീസ്സായി.ഇത് വരെ ഏറങ്ങീട്ടില്ല്യാ."കേട്ടവര്‍ വലിയ കുലുക്കമൊന്നും കാട്ടിയില്ല.പത്രത്തില്‍ നിന്നും മുഖമെടുത്ത്‌,കട്ടന്‍ചായ നീട്ടി ഊതികുടിച്ച്,നാരായണന്‍കുട്ട്യേട്ടന്‍ പറഞ്ഞു,"അവനു എളകീട്ട്ണ്ടാവും .ഇദു ആദ്യത്തെ തവ്‌ണ്യോന്നും അല്ലല്ലോ അവന്‍റെ ഈ കളി.."
ചുളിവുവീണ മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ,നീട്ടി ചായയടിച്ചു കൊണ്ട് നാണികുട്ടിയമ്മ തലകുലുക്കി."എന്നാ നമ്മക്കൊന്നു പോയി നോക്ക്യാലോ".കുടിച്ചു തീര്‍ത്ത ചായഗ്ലാസ് മരഡെസ്കില്‍ ഉറക്കെ വച്ച്,ആ ശബ്ദത്തില്‍ അല്‍പ്പം ലയിച്ച ശേഷം കപ്പ്യാര് ഈനാശു ഏഴുന്നേറ്റു.പൈലോതിന്‍റെ കൂടെ പുറത്തിറങ്ങി.
പതിനേഴ് ദിവസങ്ങള്‍.പതിനേഴ് പകലും പതിനേഴ് രാത്രികളും ഒരാള്‍ക്ക്‌ നിലത്തിറങ്ങാതെ എങ്ങനെ കഴിയാനാകും.അയാള്‍ ഉറങ്ങുന്നതെങ്ങനെ?.വിശപ്പ്‌ അയാള്‍ എങ്ങനെ മറി കടക്കുന്നു?ക്ഷീണം അയാളെ കീഴടക്കാത്തത് എന്തുകൊണ്ട്?കുര്യാക്കോസ് എന്ന കുര്യാക്കു എന്ന കാക്കു നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകുമ്പോളാകുന്നു.
വാതം വന്നു കിടപ്പിലായ കാക്കുവിന്‍റെ അമ്മ റോതമ്മ ,കിടന്ന കിടപ്പില്‍ ,വലക്കാവ് പള്ളിയിലെ വിശുദ്ധ ഔസേപ്പിതാവിനെ വിളിച്ച്,നെഞ്ചുകീറി പ്രാര്‍ഥിച്ചു."ന്‍റെ വലക്കാവിലെ ഔസേപ്പേ,നീയ് ന്‍റെ കാക്കൂനെ കാക്കണേ".തൃശ്ശൂരില്‍ വേറെയും പ്രസിദ്ധങ്ങളായ വിശുദ്ധ ജോസെഫിന്‍റെ പള്ളികള്‍ ഉണ്ടെങ്കിലും ,റോതമ്മക്ക് വലക്കാവ് തന്നെയാണ് പഥ്യം.കാലുകള്‍ സമ്മതിക്കുമായിരുന്നെങ്കില്‍,നടന്നുചെന്നു അവനെ താഴെ ഇറക്കാനായേനെ എന്ന് അവര്‍ വിശ്വസിച്ചു.നാലാമത്തെ ദിവസം ,വിശന്നപ്പോള്‍ ,പുതിയതായി വിരിഞ്ഞ അടക്കാ പൂങ്കുലകള്‍ പൊട്ടിച്ചെടുത്ത് തിന്നു കാക്കു.ചെറിയ മധുരമുള്ള ,അടക്കയിലേക്ക് രൂപം കൊള്ളുന്ന കിളുന്തുകളെ ആവേശത്തോടെ കടിച്ചു ചവച്ചു അയാള്‍.വിശപ്പിലേക്ക് ഒലിച്ചിറങ്ങിയ അടക്കാമധുരം!.ഒരു കവുങ്ങില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി ,വയറുനിറയെ ,ആര്‍ത്തിയോടെ....
പിറ്റേന്ന്,മരത്തില്‍ നിന്നിറങ്ങാത്ത മകനെ കാണാന്‍ എത്തിയ അപ്പന്‍ ചില കവുങ്ങുകള്‍ക്കടിയില്‍,മണ്ണില്‍ കാക്കുവിന്‍റെ തീട്ടം കണ്ട് നെഞ്ചത്തടിച്ചു വിലപിച്ചു,"ന്‍റെ കര്‍ത്താവേ ,ഇനി എന്തൊക്കെ കാണണം .."അപ്പന്‍റെ വിലാപങ്ങള്‍ക്ക്‌ കാതുകൊടുക്കാതെ,കാക്കു കവുങ്ങുമരങ്ങള്‍ക്കിടയില്‍ പുതിയ പൂക്കുലകള്‍ തേടി പറന്നു നടന്നു...
പ്രാവുകള്‍ അടുത്തെത്തി കഴിഞ്ഞു.മനുഷ്യരുടെ മുഖമുള്ള പ്രാവുകള്‍.പരിചിതമായ മുഖങ്ങള്‍.ചെറിയ പ്രായത്തില്‍ വിട്ടു പോയ ചങ്ങാതി ജോസുട്ടന്‍,പാമ്പുകടിച്ചു മരിച്ച വില്‍സന്‍,കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത പാലത്തിന്‍റെ അപ്പുറത്തുള്ള മേരിചേച്ചി....പ്രാവുകള്‍ക്ക് എല്ലാം മരിച്ചു പോയ ,ഇഷ്ടപെട്ടവരുടെ മുഖങ്ങള്‍!.കൂടെ,താന്‍ ചവുട്ടി കൊന്ന ജീനാമ്മ.തന്‍റെ ഭാര്യ...പിറക്കാതെ പോയ,മരണത്തില്‍ ജീനാമ്മയോടു കൂടെ പോയ തന്‍റെ മകന്‍ അല്ല മകള്‍...ഒരു ചെറിയ പ്രാവ്!
പ്രാവുകള്‍ അയാളെ വലയം ചെയ്തു പറക്കാന്‍ തുടങ്ങി.ചിറകടികളില്‍ നിന്നും കാറ്റ് ഉയിര്‍ത്തെഴുന്നേറ്റു.പ്രാവുകളുടെ കുറുകലുകള്‍ ഇപ്പോള്‍ വ്യക്തമായ മനുഷ്യ ഭാഷയായി മാറി.പതിനേഴുനാളുകളായി പിടിച്ചു വച്ച ശക്തി ശരീരത്തില്‍ നിന്ന് ഒഴിയുംപോലെ കാക്കുവിന് തോന്നി.തൊട്ടടുത്തെക്ക് പറന്നെത്തിയ ഒരു പ്രാവ് ,(അതിനു തന്‍റെ പഴയ കാമിനിയുടെ മുഖം) അയാളുടെ മുഖത്തുരസി ഇപ്രകാരം മൊഴിഞ്ഞു,"കാക്കൂ,ഈ ജീവിതം അത്ര സുന്ദരമായ ഒരു അനുഭവമല്ല."ശരിയാണ് കാക്കു ഉള്ളില്‍ പറഞ്ഞു.പ്രാവ്‌ തുടര്‍ന്നു,"മനുഷ്യന്‍ തന്നെ കുറിച്ച് ചിന്തിക്കുന്നത് എപ്പോളാണോ ആ നിമിഷം തന്നെ അവന്‍ മറ്റുള്ളവരെ കുറിച്ച് മറക്കുവാനും തുടങ്ങുന്നു.തന്നെ കുറിച്ച് മാത്രം ചിന്തിച്ച്,തന്റേതുമാത്രമായ ഒരു ലോകം അവന്‍ നിര്‍മ്മിക്കുന്നു.നീയും ചെയ്തത് അതാണ്‌.നിന്‍റെ ലോകത്തിലെ ,നിന്‍റെ നിര്‍മിതികളിലെ മണ്‍കട്ടകള്‍ മാത്രമായി നീ മറ്റുള്ളവരെ ഉപയോഗിക്കുന്നു."പ്രാവുകള്‍ ഒരാവര്‍ത്തി ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങി,തിരിച്ചിറങ്ങി വീണ്ടും അവനെ വലയം ചെയ്തു.ജീനാമ്മയെന്ന പ്രാവ് അയാളെ ചെറുതായൊന്നു കൊത്തി.കൊത്ത് കണ്ണില്‍ കൊള്ളാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു.മുപ്പതടി മുകളില്‍ ,കാക്കുവിന്‍റെ ജീവിതം ആടിതുടങ്ങി.ഉള്ളിലെ അടിത്തട്ടില്‍ നിന്നും വീണ്ടും ഭ്രമാല്മക ചിന്തകള്‍ അയാളെ ഇളക്കി മറിക്കാന്‍ തുടങ്ങി.ഞാന്‍ ജീവിതത്തില്‍ ചെയ്തതെന്താണ്?ഈ പ്രാവുകളുടെ വിചാരണയില്‍ തന്‍റെ ശരീരവും മനസ്സും പിടയുന്നത് എന്തുകൊണ്ട്?..ചോദ്യങ്ങളുടെ ശരങ്ങള്‍ അയാളിലേക്ക് പെയ്തിറങ്ങി.
'തെറ്റുകളുടെ ലോകമാണ് കാക്കൂ നിന്റേത്.ശരികളുടെ ലോകം ഞങ്ങള്‍ കാണിച്ചു തരാം.ഞങ്ങളുടെ കൂടെ പോരൂ."പ്രാവുകള്‍ ക്ഷണിച്ചു.വെയില്‍ മങ്ങുകയും ഇരുട്ടിന്‍റെ ആദ്യത്തെ കാല്‍പ്പാടുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരികയും ചെയ്തു.പ്രാവുകള്‍ അവ്യക്തമായ ഭാഷയിലേക്ക് തിരിച്ചു പോയി.ചിറകടികള്‍ കാതില്‍ ഇരമ്പലായി ചിതറി വീണു.കാറ്റ് പിടിച്ച കവുങ്ങിന്‍ മരങ്ങള്‍ ഭ്രാന്തമായി ഇളകിയാടി.ഒന്നിനോടു ഒന്ന് കൂട്ടിയിടിച്ചു,തീപ്പൊരി പറന്നു.തീ പടര്‍ന്നു കയറി,കവുങ്ങിന്‍ തലപ്പുകള്‍ അഗ്നിയില്‍ കുളിച്ചു.കാക്കുവിന് കൈ പൊള്ളി.ചൂട് ശരീരം മുഴുവന്‍ കുത്തികയറാന്‍ തുടങ്ങി.മുറുക്കി പിടിച്ചിരുന്ന കവുങ്ങിന്‍ തടി ചുട്ടുപഴുത്ത ഇരുമ്പുപോലെ...സഹിക്കാനാകാത്ത ചൂട്...അയാള്‍ കവുങ്ങിന്‍ തടിയില്‍ നിന്നും കൈ വിട്ടു.മുപ്പതടിയില്‍ നിന്നും താഴേക്കു ചിറകുവിരിച്ച് അയാള്‍ പറന്നു.
പിറ്റേന്ന്,പാല്‍ക്കാരന്‍ പൈലോത് ആണ് ചായക്കടയില്‍ വാര്‍ത്ത എത്തിച്ചത്."അറിഞ്ഞില്ലേ,നമ്മടെ കാക്കു താഴെ വീണു.പത്നേഴു ദിവസ്സാ മോളില് ഉണ്ടായിരുന്നേ.അവര് ആശൂത്ര്യെ കൊണ്ടോയിട്ടുണ്ട്.സംശയാ കിട്ടോന്നു.ഞാന്‍ ചെന്നു നോക്കുമ്പോ കവുങ്ങിന്‍റെ താഴെ നല്ല മൂന്നു കുഴി.ഒന്ന് ഊര കുത്തിയ സലം,മറ്റേതു രണ്ടു ഉപ്പൂറ്റി കുത്തീതാവും.."

കവുങ്ങില്‍ നിന്ന് താഴെ വീണതിന്‍റെ മൂന്നാം നാള്‍ കാക്കു മരിച്ചു.

No comments:

Post a Comment